അബുദാബി: കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ യു എ ഇ വിസ നൽകുന്നത് താൽക്കാലികമായി നിർത്തിവച്ചു. ചൊവ്വാഴ്ച മുതൽ അനിശ്ചിതകാലത്തേക്ക് നയതന്ത്ര വിസ ഒഴികെയുള്ള വിസകൾ നൽകില്ലെന്നാണ് തീരുമാനം. മാര്‍ച്ച് 17 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.
മാര്‍ച്ച് 17-ന് മുമ്പ് വിസ ലഭിച്ചവര്‍ക്ക് വിലക്ക് ബാധകമല്ലന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് പ്രസ്താവനയില്‍ അറിയിച്ചു. ഡിപ്ലോമാറ്റിക് വിസക്ക് വിലക്ക് ബാധകമല്ല.
അബുദാബിയില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടിച്ചു പൂട്ടി. ആളുകൾ ഒത്തു കൂട്ടുന്നത് ഒഴിവാക്കാനാണ് നടപടി. അബുദാബി ശെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക് തത്കാലത്തേക്ക് അടച്ചിടും. ഇനിയൊരറിയിപ്പിനു ശേഷമേ വിശ്വാസികളെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിൽ പ്രവേശിപ്പിക്കുകയുള്ളു.
അസുഖമുള്ളവരും കുട്ടികളും പ്രായമായവരും നിസ്കാരം വീടുകളിലാക്കാൻ നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു. കൊവിഡ് 19 പടരുന്ന സാഹചര്യത്തിൽ ദുബായിയിൽ എല്ലാ പൊതുപരിപാടികളും റദ്ധാക്കിയിട്ടുണ്ട്. ലോകാരോഗ്യ സംഘടന കൊറോണ വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് യു.എ.ഇ യുടെ തീരുമാനം.