യുഎഇ യാത്രാ ഇളവ്​ ഇന്ന് മുതല്‍: അനുമതി യുഎഇയില്‍ നിന്ന് വാക്സിനെടുത്തവർക്ക്

1

യാത്രാ വിലക്കിൽ ഇളവ്​ നൽകിയതോടെ ഇന്ന് മുതൽ ഇന്ത്യക്കാരായ താമസ വിസക്കാർക്ക്​ യു.എ.ഇയിലേക്ക്​ മടങ്ങാം. യു.എ.ഇയിൽ നിന്ന്​ വാക്സിനെടുത്ത താമസ വിസക്കാർക്കാണ്​ മടങ്ങാൻ അനുമതി. പുതിയ ഇളവുകൾ പ്രകാരം യാത്രക്കാർക്ക്​ യു.എ.ഇ എമിഗ്രേഷൻ അധികൃതരുടെ അനുമതി ലഭ്യമായി തുടങ്ങി. യു.എ.ഇയിൽ നിന്ന്​ രണ്ട്​ ഡോസ്​ വാക്​സിൻ സ്വീകരിച്ച താമസ വിസക്കാർക്ക് മാത്രമാണ്​ മടങ്ങാൻ അനുമതി. സന്ദർശക വിസക്കാർക്ക്​ അനുമതിയില്ല. താമസവിസയുടെ കാലാവധി തീർന്നവരുടെ കാര്യത്തിൽ അനുഭാവപൂർണമായ നടപടി ഉണ്ടാകുമെന്നാണ്​ പ്രതീക്ഷ. ദുബൈ വിസക്കാർ ജി.ഡി.ആർ.എഫ്​.എയുടെയും അബൂദബി ഉൾപ്പെടെ മറ്റു വിസക്കാർ ​ഐ.സി.എയുടെ അനുമതിയുമാണ്​ തേടേണ്ടത്​.

അധികൃതരുടെ അനുമതിക്കായി അപേക്ഷിച്ചവരിൽ ഭൂരിപക്ഷവും ആഗസ്​റ്റ്​ ശനിയാഴ്​ച മുതലാണ്​ ടിക്കറ്റ്​ ബുക്ക്​ ചെയ്​തിരിക്കുന്നത്​. യു.എ.ഇയിലേക്കുള്ള ടിക്കറ്റ്​ നിരക്കിൽ വൻ വർധനയാണുള്ളത്​. അനുമതി ലഭിച്ചവർ 48 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ ടെസ്​റ്റിന്റെ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​, കേരളത്തിലെ വിമാനത്താവളത്തിൽ നിന്ന്​ നാല്​ മണിക്കൂറിനുള്ളിൽ എടുത്ത റാപിഡ്​ പി.സി.ആർ പരിശോധന​ ഫലം എന്നിവ കൂടെ കരുതണം. അതിനിടെ ഇന്ത്യയിൽ നിന്ന്​ വാക്​സിൻ സ്വീകരിച്ച താമസ വിസക്കാരും മറ്റും ​ ഖത്തർ ഉൾപ്പെടെയുള്ള ഇടത്താവളങ്ങൾ മുഖേന യു.എ.ഇയി​ലേക്ക്​ പ്രവഹിക്കുകയാണ്​.