കൊച്ചി: ഭര്‍ത്താവും കാമുകിയും ചേര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇരുവരെയും പോലീസ് അറസ്റ്റു ചെയ്തു. ഉദയം പേരൂരില്‍ കഴിഞ്ഞ സെപ്റ്റംബര്‍ 20നാണ് കേസിനാസ്പദമായ സംഭവം. ഉദയംപേരൂര്‍ സ്വദേശി പ്രേംകുമാറാണ് ഭാര്യ വിദ്യയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായത്. ഇയാളും കാമുകി സുനിത ബേബിയും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. ഇരുവരെയും തിരുവനന്തപുരത്തുനിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.
ചികിത്സയ്‌ക്കെന്ന് പറഞ്ഞ് വിദ്യയെ സെപ്റ്റംബര്‍ 20 ന് തിരുവനന്തപുരത്ത് എത്തിച്ചു. പിന്നീട് പേയാടുള്ള ഗ്രേസ് വില്ലയില്‍ എത്തിച്ച് മദ്യം നല്‍കിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിദ്യയുടെ മൃതദേഹം തിരുനെല്‍വേലിലെ ഹൈവേയ്ക്ക് സമീപമുള്ള വള്ളിയൂരില്‍ ഉപേക്ഷിച്ചു. വിദ്യ നാടുവിട്ടതാണെന്ന് വരുത്തി തീര്‍ക്കാനായി പ്രേം കുമാര്‍ വിദ്യയുടെ ഫോണ്‍ ദീര്‍ഘദൂര ട്രെയിനില്‍ ഉപേക്ഷിച്ചു. ശേഷം സെപ്റ്റംബര്‍ 22ന് പ്രേം കുമാര്‍ വിദ്യയെ കാണാനില്ലെന്ന് ഉദയംപേരൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതില്‍ കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് ഇരുവരുടെയും അറസ്റ്റ്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ പ്രേംകുമാര്‍ നിവൃത്തിയില്ലാതെ കുറ്റസമ്മതം നടത്തുകയായിരുന്നു. ഡിസംബര്‍ ആറിന് വാട്സ്ആപ് സന്ദേശം പൊലീസുകാര്‍ക്ക് അയച്ചുനല്‍കിയായിരുന്നു കുറ്റസമ്മതം. എനിക്കവളെ കൊല്ലേണ്ടി വന്നു എന്നായിരുന്നു പ്രേംകുമാര്‍ പറഞ്ഞത്. ഇതിനു ശേഷമാണ് ഇന്ന് തിരുവനന്തപുരം വെള്ളറടയില്‍ നിന്ന് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രേംകുമാര്‍ പറഞ്ഞതനുസരിച്ച് പൊലീസ് തിരുനെല്‍വേലി പൊലീസുമായി ബന്ധപ്പെട്ടു. തിരുനെല്‍വേലി ഹൈവേയില്‍ കണ്ടെത്തിയ അജ്ഞാതമൃതദേഹം സംസ്കരിച്ചിരുന്നു എന്ന വിവരമാണ് അവിടെനിന്ന് ലഭിച്ചത്. മൃതദേഹത്തിന്‍റെ ഫോട്ടോ അവര്‍ അയച്ചു നല്‍കി. അത് വിദ്യയുടേത് തന്നെയാണെന്ന് പ്രേംകുമാര്‍ ‘തിരിച്ചറിഞ്ഞു’.