വിദേശ സര്‍വകലാശാലകളുമായി സഹകരിക്കാന്‍ ഇന്ത്യന്‍ സര്‍വകലാശാലകള്‍ക്ക് യു.ജി.സി. അനുമതി

0

ന്യൂഡല്‍ഹി: വിദേശ സര്‍വകലാശാലകളുമായി സഹകരിക്കാന്‍ ഇന്ത്യന്‍ സര്‍വകലാശാലകള്‍ക്ക് യു.ജി.സി. (യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍) അനുമതി നല്‍കി. സംയുക്ത ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനും സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കിയതായി യു.ജി.സി. അറിയിച്ചു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് യു.ജി.സി. നിലവിലെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയത്.

ഇതോടെ സംയുക്ത കോഴ്‌സുകളില്‍ ചേരുന്ന വിദ്യാര്‍ഥികള്‍ക്ക്, ആ പ്രോഗ്രാമിന്റെ തരം അനുസരിച്ച് നിശ്ചിത ശതമാനം കോഴ്‌സ് ക്രെഡിറ്റ് വിദേശ സര്‍വകലാശാലകളില്‍നിന്ന്‌ നേടാന്‍ കഴിയും. ഇതിനായി വിദ്യാര്‍ഥികള്‍ വിദേശ സര്‍വകലാശാലകളില്‍ പ്രവേശനം തേടേണ്ടതില്ല. ഇന്ത്യയിലെ സര്‍വകലാശാലകളില്‍ പഠനം തുടരുന്നതിനൊപ്പം തന്നെ വിദ്യാര്‍ഥികള്‍ക്ക് വിദേശപഠന അനുഭവ നേടാനും യു.ജി.സിയുടെ പുതിയ ഭേദഗതിയിലൂടെ സാധിക്കും.

വിദേശ സര്‍വകലാശാലകളുമായി സഹകരിക്കാനുള്ള അനുമതി രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍ വലിയ പരിഷ്‌കരണങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് യു.ജി.സി. ചെയര്‍മാന്‍ എം. ജഗദേഷ് കുമാര്‍ വ്യക്തമാക്കി. ട്വിന്നിങ് പ്രോഗ്രാം, ജോയിന്റ് ഡിഗ്രി പ്രോഗ്രാം, ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാം എന്നീ മൂന്നുതരം കോഴ്‌സുകള്‍ പരസ്പര സഹകരണത്തിലൂടെ സര്‍വകലാശാലകള്‍ക്ക് വാഗ്ദാനം ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.