ഒരാഴ്ചയ്ക്കിടെ യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിക്കു നേരെ മൂന്ന് വധശ്രമങ്ങള്‍

1

കീവ്: റഷ്യന്‍ അധിനിവേശം ആരംഭിച്ച് ഒരാഴ്ചയ്ക്കിടെ യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിക്കു നേരെ മൂന്ന് വധശ്രമങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്. പ്രസിഡന്റിന് നേരെയുള്ള അക്രമണങ്ങളെക്കുറിച്ച് യുക്രൈന്‍ അധികൃതര്‍ക്ക് മുന്നറിയിപ്പ് ലഭിച്ചതോടെയാണ് മൂന്ന് വധശ്രമങ്ങളും പരാജയപ്പെട്ടതെന്ന് ബ്രിട്ടീഷ് മാധ്യമമായ ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

സെലെന്‍സ്‌കിയെ കൊലപ്പെടുത്തനായി വാഗ്നര്‍ സംഘം, ചെച്ന്‍ വിമതര്‍ എന്നിങ്ങനെ രണ്ടു വ്യത്യസ്ത വിഭാഗങ്ങളെയാണ് നിയോഗിച്ചതെന്നാണ് റിപ്പോര്‍ട്ട്. പ്രത്യേക ചെ ചെച്‌നിയന്‍ വിഭാഗത്തെ യുക്രൈന്‍ പ്രസിഡന്റിനെ വധിക്കാനായി അയച്ചിട്ടുണ്ടെന്ന് റഷ്യയുടെ ഫെഡറല്‍ സെക്യൂരിറ്റി ഫോഴ്‌സ് (എഫ്.എസ്.ബി) മുന്നറിയിപ്പ് നല്‍കിയെന്ന് യുക്രൈന്‍ ദേശീയ സുരക്ഷാ പ്രതിരോധ കൗണ്‍സില്‍ സെക്രട്ടറി ഒലെസ്‌കി ഡാനലോവിനെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

ശനിയാഴ്ച കീവ് അതിര്‍ത്തിയില്‍വച്ച് ഈ ചെച്‌നിയന്‍ സേനയെ കൊലപ്പെടുത്തിയെന്നും യുദ്ധത്തില്‍ പങ്കാളികളാകാന്‍ താല്‍പര്യമില്ലാത്തതിനാലാണ് റഷ്യയുടെ സുരക്ഷാ വിഭാഗം (എഫ്.എസ്.ബി) ഈ വിവരം യുക്രൈന് കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, എഫ്.എസ്.ബിക്കുള്ളിലെ യുദ്ധവിരുദ്ധ ഘടകങ്ങളില്‍ നിന്നാണ് രഹസ്യ വിവരം ചോര്‍ന്നതെന്ന് ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. തങ്ങളുടെ നീക്കങ്ങള്‍ യുക്രൈന്‍ സേന കൃത്യമായി മുന്‍കൂട്ടി കണ്ടതില്‍ വാഗ്നര്‍ സംഘം ആശങ്കാകുലരായിരുന്നുവെന്നും ദി ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.