ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന പ്രമേയം യുഎന്‍ രക്ഷാസമിതി പാസാക്കി; വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന് അമേരിക്ക

0

സംഘര്‍ഷം തുടരുന്ന ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന പ്രമേയം യുഎന്‍ രക്ഷാസമിതിയില്‍ പാസായി. വീറ്റോ ചെയ്യാതെ അമേരിക്ക വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. മറ്റ് 14 കൗണ്‍സില്‍ അംഗങ്ങളും വെടിനിര്‍ത്തലിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി.

നീണ്ടുനില്‍ക്കുന്ന സുസ്ഥിരമായ വെടിനിര്‍ത്തലാണ് ലക്ഷ്യംവയ്ക്കുന്നതെന്ന് സുരക്ഷാ കൗണ്‍സില്‍ പ്രഖ്യാപിച്ചു. അള്‍ജീരിയയുടെ പ്രതിനിധിയും അറബ് ബ്ലോക്കിന്റെ സുരക്ഷാ കൗണ്‍സിലിലെ നിലവിലെ അംഗവുമായ അമര്‍ ബെന്‍ഡ്ജാമയാണ് പ്രമേയം അവതരിപ്പിച്ചത്. രക്തച്ചൊരിച്ചില്‍ ഇനിയും തുടരുന്നത് അനുവദിക്കാനാകില്ലെന്ന് പ്രമേയത്തിലൂടെ അദ്ദേഹം ആവശ്യപ്പെട്ടു.

വെടിനിര്‍ത്തലിന് വേണ്ടി ഇസ്രായേലിന് മേല്‍ സമ്മര്‍ദം ചെലുത്തുന്ന പ്രമേയങ്ങളെ അമേരിക്ക പ്രതിരോധിക്കാന്‍ ശ്രമിക്കാറുണ്ടായിരുന്നെങ്കിലും ഇത്തവണ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ അമേരിക്ക മാറി നില്‍ക്കുകയായിരുന്നെന്നത് ശ്രദ്ധേയമാണ്. ഗസ്സയിലെ മരണസംഖ്യ ഉയരുകയും ഗസ്സയില്‍ തുടരുന്ന പട്ടിണിയില്‍ ഐക്യരാഷ്ട്രസഭ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ക്കൂടിയാണ് വെടിനിര്‍ത്തല്‍ പ്രമേയം പാസ്സാക്കിയിരിക്കുന്നത്. ഹമാസ് ബന്ദികളെ ഉടന്‍ മോചിപ്പിക്കണമെന്നും പ്രമേയത്തിലുണ്ട്.