ന്യൂഡല്‍ഹി: രാജ്യത്തെ സ്കൂള്‍ വിദ്യാഭ്യാസത്തില്‍ ഘടനാപരമായ മാറ്റങ്ങള്‍ ശുപാര്‍ശ ചെയ്യുന്ന പുതിയ വിദ്യാഭ്യാസ നയം കേന്ദ്ര കാബിനെറ്റ് അംഗീകരിച്ചു. ഐഎസ്ആർഒ മുൻ ചെയർമാൻ കെ കസ്തൂരിരംഗൻ അധ്യക്ഷനായ സമിതി തയ്യാറാക്കിയ റിപ്പോർട്ടിലെ ശുപാർശകളെ അടിസ്ഥാനമാക്കിയുള്ള ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരടിനാണ് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയത്.
കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള സമിതി തയ്യാറാക്കിയ പുതിയ ദേശീയ വിദ്യാഭ്യാസ നയം 2019 മേയിലായിരുന്നു സര്‍ക്കാരിന് സമര്‍പ്പിച്ചത്. സര്‍ക്കാര്‍ വെബ്സൈറ്റില്‍ നേരത്തെ പ്രസിദ്ധീകരിച്ച കരട് നയത്തില്‍ പൊതുജനങ്ങളില്‍നിന്നും വിദ്യാഭ്യാസ വിദഗ്ധരില്‍നിന്നും സംസ്ഥാന സര്‍ക്കാരുകളില്‍നിന്നും നിര്‍ദേശങ്ങള്‍ സ്വീകരിച്ച ശേഷമാണ് വിദ്യാഭ്യാസ നയത്തിന് അന്തിമ രൂപം നല്‍കിയത്.
നാല് ഘട്ടങ്ങളായി 12 ഗ്രേഡുകള്‍ പൂര്‍ത്തിയാക്കുന്ന 18 വര്‍ഷ വിദ്യാഭ്യാസ സമ്പ്രദായമാണ് പുതുതായി നിലവില്‍ വരിക. വിദ്യാഭ്യാസത്തിനുള്ള അവകാശം മൂന്ന് വയസ്സുമുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഉറപ്പാക്കണമെന്നും വ്യവസ്ഥയുണ്ട്.
ഒപ്പം പാഠ്യ പദ്ധതിക്ക് പുറമെ കലാകായിക മേഖലകളിലടക്കം പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് കൂടി പ്രാമുഖ്യം നല്കുന്ന വിധമായിരിക്കും വിദ്യാഭ്യാസ രീതിയിലെ മാറ്റം.
ഇഷ്ടമുള്ള വിഷയങ്ങള്‍ മാത്രം വിദ്യാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുത്ത് പഠിക്കാനുള്ള അവസരവും ഇതിനൊപ്പമുണ്ടാവുമെന്നാണ് നയത്തില്‍ പറയുന്നത്.
എല്‍.പി., യു.പി., ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ സമ്പ്രദായം ഇല്ലാതാകും. പുതുതായി ഏര്‍പ്പെടുത്തുന്ന 5 + 3 + 3 + 4 സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുന്നത് 12 വര്‍ഷത്തെ സ്കൂള്‍ വിദ്യാഭ്യാസവും 3 വര്‍ഷത്തെ അങ്കണവാടി/പ്രീ-സ്കൂള്‍ വിദ്യാഭ്യാസവുമായിരിക്കും. നിലവിലെ 10+2 ഘടന ഒഴിവാക്കി പകരം യഥാക്രം 3-8, 8-11, 11-14, 14-18 വയസ്സുള്ള കുട്ടികള്‍ക്കായി 5+3+3+4 എന്നതാണ് പുതിയ രീതി.
അതായത് 3 മുതല്‍ 8 വയസുവരെയുള്ള ആദ്യഘട്ടത്തില്‍ പ്രീ-പ്രൈമറി ക്ലാസുകളും 1, 2 ക്ലാസുകളും ഉള്‍പ്പെടും. . 3, 4, 5 ക്ലാസുകള്‍ ഉള്‍പ്പെടുന്ന ലേറ്റര്‍ പ്രൈമറി ഘട്ടമാണ് രണ്ടാമത്തേത്. 6, 7, 8 ക്ലാസുകള്‍ ഉള്‍പ്പെടുന്ന അപ്പര്‍ പ്രൈമറി ഘട്ടമാണ് മൂന്നാമത്തേത്. 9മുതല്‍ 12 വരെ ക്ലാസുകള്‍ ഉള്‍പ്പെടുന്ന സെക്കന്‍ഡറി ലെവല്‍ സ്കൂള്‍ വിദ്യാഭ്യാസത്തിലെ നാലാം ഘട്ടവുമാകും.
പുതിയ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ 18 വര്‍ഷം കൊണ്ട് 12 ഗ്രേഡുകളാണുണ്ടാകുക. അടുത്ത 15 വര്‍ഷത്തിനുള്ളില്‍ അഫിലിയേറ്റഡ് കോളജ് സമ്പ്രദായം പൂര്‍ണമായും നിര്‍ത്തലാക്കും. എം.ഫില്‍ നിര്‍ത്തലാക്കുന്നതാണ് മറ്റൊരു പ്രധാന തീരുമാനം.
അണ്ടര്‍ ഗ്രാജുവേറ്റ് കോഴ്സുകള്‍ മൂന്നോ നാലോ വര്‍ഷമായിരിക്കും. ഈ കോഴ്സുകളിലെ പഠനം ഇഷ്ടാനുസരണം ഇടയ്ക്ക് വച്ച് നിര്‍ത്താനും ഇടവേളയെടുക്കാനും നയം അനുവാദം നല്‍കുന്നുണ്ട്. രണ്ട് വര്‍ഷം കഴിഞ്ഞ് പഠനം നിര്‍ത്തിയാല്‍ അതുവരെ പഠിച്ചതിനുള്ള സര്‍ട്ടിഫിക്കറ്റ് ലഭിക്കും. പി.ജി. പഠനം ഒന്നോ രണ്ടോ വര്‍ഷമാകാം. ബിരുദ, ബിരുദാനന്ദര കോഴ്സുകള്‍ അഞ്ച് വര്‍ഷം നീളുന്ന ഇന്റഗ്രേറ്റഡ് കോഴ്സായിരിക്കും.
പുതിയ നയം ബുധനാഴ്ച നാലുമണിയോടെ കേന്ദ്ര മന്ത്രിസഭ ഔദ്യോഗികമായി പ്രഖ്യാപിച്ചു. മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാൽ നിഷാങ്കും ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറും വാർത്താസമ്മേളനത്തിൽ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കൂടാതെ ‘നയം അംഗീകരിച്ചു. നിലവിലെ മാനവ വിഭവശേഷി മന്ത്രാലയം ഇനിമുതല്‍ വിദ്യാഭ്യാസ മന്ത്രാലയം എന്ന് അറിയപ്പെടും.
1985ൽ രാജീവ് ഗാന്ധി സർക്കാരാണ് വിദ്യാഭ്യാസ മന്ത്രാലയത്ത മാനവ വിഭവശേഷി മന്ത്രാലയമാക്കിയത്. 1986ലെ ദേശീയ വിദ്യാഭ്യാസ നയത്തിൽ 1992ൽ ഭേദഗതി വരുത്തിയിരുന്നു. ഇതിന് ശേഷം ഇതാദ്യമായാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം വരുന്നത്.