സെപ്തംബർ 21 മുതൽ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് നിർദേശിച്ചത്. കണ്ടെയ്ൻമെന്റ് സോണിന് പുറത്തുള്ള സ്‌കൂളുകൾ തുറക്കാമെന്നാണ് നിർദേശം.
അൺലോക് നാലിന്റെ ഭാഗമായാണ് സ്കൂളുകൾ തുറന്നു പ്രവർത്തിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുക്കുന്നത്. ഒമ്പത് മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകൾ മാത്രമെ തുറക്കുകയുള്ളു. ഇതു സംബന്ധിച്ച മാർഗരേഖ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കി.
സാമൂഹിക അകലം പാലിക്കണം, മാസ്‌ക് ധരിക്കണം, കൈകള്‍ സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകണം, സാനിറ്റൈസര്‍ ഉപയോഗിക്കണം, തുമ്മമ്പോഴും ചുമയ്ക്കുമ്പോഴും കര്‍ച്ചീഫ് ഉപയോഗിച്ചോ ടിഷ്യു ഉപയോഗിച്ചോ മുഖം മറയ്ക്കുന്നത് ഉള്‍പ്പടെയുളള കാര്യങ്ങള്‍ ശ്രദ്ധിക്കണം. ആരോഗ്യസേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം തുടങ്ങിയ നിർദേശങ്ങളാണ് പുറത്തിറക്കിയത്.
വിദ്യാര്‍ഥികള്‍ തമ്മില്‍ ആറടി അകലം പാലിക്കണം, സ്റ്റാഫ് റൂം, ഓഫീസ്, ലൈബ്രറി തുടങ്ങിയ ഇടങ്ങളിലെല്ലാം സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. പകുതി അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും മാത്രമെ പ്രവേശനം ഉണ്ടാകൂ എന്നും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ഓണ്‍ലൈന്‍, വിദൂര വിദ്യാഭ്യാസ രീതി തുടരുമെന്നും അത് പ്രോത്സാഹിപ്പിക്കുമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. അതേസമയം, ഒന്ന് മുതല്‍ എട്ടാം ക്ലാസുവരെയുള്ള ക്ലാസുകള്‍ തുറക്കുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല.