എക്വഡോറിലെ ജയിലിൽ 68 തടവുകാർ കൊല്ലപ്പെട്ടു

0

ക്വിറ്റോ: തെക്കെ അമേരിക്കൻ രാജ്യമായ എക്വഡോറിലെ ജയിലിൽ വീണ്ടും കലാപം. ഏറ്റുമുട്ടലുകൾക്ക് പേരുകേട്ട ജയിലിലെ തടവുകാർ സംഘർഷത്തിൽ‌ 68 പേർ മരിച്ചു. 25 പേർക്കേറ്റു. ഗ്വായാക്വിൽ നഗരത്തിലെ ലിറ്റോറൽ ജയിലിൽ വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. സെപറ്റംബർ അവസാനം ഇതേ ജയിലിലുണ്ടായ സംഘർഷത്തിൽ 116 തടവുകാർ കൊല്ലപ്പെട്ടിരുന്നു. മെക്സിക്കൻ കുറ്റവാളിസംഘങ്ങളായ സിനാലോവ, ജലിസ്കോ ന്യൂജനറേഷൻ കാർടെൽസ് എന്നിവയുമായി ബന്ധമുള്ള കുറ്റവാളികളാണ് ഏറ്റുമുട്ടിയത്.

ഒരു ഗുണ്ടാസംഘത്തിൻറെ നേതാവ് കഴിഞ്ഞ ദിവസം ജയിൽമോചിതനായിരുന്നു. പിന്നാലെ നേതാവിന്റെ അഭാവം മുതലെടുത്ത് മറ്റു സംഘങ്ങൾ ഇവരുടെ മേഖലയിലേക്ക് അതിക്രമിച്ചുകടക്കുകയും അധികാരം പിടിച്ചെടുക്കാൻ ശ്രമിക്കുകയുമായിരുന്നു എന്ന് പോലീസ് പറഞ്ഞു. പോലീസെത്തിയാണ് യുദ്ധസമാനമായ സാഹചര്യം നിയന്ത്രിച്ചത്. ജയിലിൽനിന്നും തോക്കുകളും സ്ഫോടകവസ്തുക്കളും വാളുകളും കണ്ടെടുത്തു. ജയിലിൽ പട്ടാളത്തെ വിന്യസിച്ചു. സംഭവത്തിൽ നടുക്കം രേഖപ്പെടുത്തിയ എക്വഡോർ പ്രസിഡന്റ് ഗില്ലെർ‍മോ ലാസ്സോ മാഫിയാസംഘങ്ങളെ അമർച്ചചെയ്യാൻ പുതിയ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്ന് പറഞ്ഞു. കുറ്റവാളി സംഘങ്ങൾക്കെതിരായ പോരാട്ടത്തിൽ രാജ്യത്തെ സായുധസേനകളുടെ ശക്തി വർധിപ്പിക്കാൻ യു.എസും യൂറോപ്യൻ യൂണിയനും അടക്കം പിന്തുണ നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.