ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തില്‍ പ്രതിസന്ധിയിലായ ഇന്ത്യക്കുള്ള യുഎസിന്റെ മെഡിക്കല്‍ സഹായവുമായി ആദ്യ വിമാനം ഡല്‍ഹിയിലെത്തി. വെള്ളിയാഴ്ച ഒരു പ്രത്യേക വിമാനം കൂടി സഹായവുമായി ഇന്ത്യയിലെത്തും. കൂടുതല്‍ വിമാനങ്ങള്‍ അടുത്ത ആഴ്ച തന്നെ എത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റുകള്‍, ഓക്‌സിജന്‍ ജനറേഷന്‍ യൂണിറ്റുകള്‍, പിപിഇ-വാക്‌സിന്‍ നിര്‍മാണത്തിനാവശ്യമായ വസ്തുക്കള്‍, ദ്രുത പരിശോധന കിറ്റുകള്‍ തുടങ്ങിയവയാണ് യുഎസില്‍ നിന്ന് അവരുടെ വ്യോമസേന വിമാനത്തില്‍ വെള്ളിയാഴ്ച രാവിലെ ഡല്‍ഹിയിലെത്തിയത്.
’70 വര്‍ഷത്തിലേറെയുള്ള ബന്ധമാണ് ഇന്ത്യയുമായുള്ളത്. കോവിഡിനെതിരായ പോരാടുന്ന ഘട്ടത്തില്‍ അമേരിക്ക ഇന്ത്യക്കൊപ്പം നില്‍ക്കുന്നു’ഇന്ത്യയിലെ യുഎസ് എംബസി ട്വീറ്റ് ചെയ്തു.
കോവിഡിന്റെ രണ്ടാംതരംഗത്തെ നേരിടാന്‍ ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്ത് യുഎസ് അടക്കം നാല്‍പ്പതിലേറെ രാജ്യങ്ങള്‍ എത്തിയിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍നിന്നായി 550 ഓക്‌സിജന്‍ ജനറേറ്റര്‍ പ്ലാന്റുകളും 4000 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും 10000 ഓക്‌സിജന്‍ സിലിന്‍ഡറുകളും ഇന്ത്യ പ്രതീക്ഷിക്കുന്നതായി വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ള വ്യാഴാഴ്ച പത്രസമ്മേളനത്തില്‍ പറഞ്ഞു.
അമേരിക്ക, റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, ജപ്പാന്‍, ഗള്‍ഫ് രാജ്യങ്ങള്‍, അയല്‍രാജ്യങ്ങളായ ബംഗ്ലാദേശ്, ഭൂട്ടാന്‍, ചൈന തുടങ്ങിയവയാണ് ഇന്ത്യയെ സഹായിക്കാനെത്തിയിരിക്കുന്നത്. റഷ്യയില്‍നിന്ന് രണ്ടു വിമാനങ്ങളില്‍ ഓക്‌സിജന്‍ ഉത്പാദന സാമഗ്രികളും വെന്റിലേറ്ററുകളും കഴിഞ്ഞ ദിവസം എത്തി. യു.എ.ഇ.യില്‍നിന്നുള്ള സഹായങ്ങളുമെത്തി. അയര്‍ലന്‍ഡ്, ഫ്രാന്‍സ് എന്നിവിടങ്ങളില്‍നിന്നുള്ള സഹായങ്ങളുമായി അടുത്തദിവസങ്ങളില്‍ വിമാനങ്ങളെത്തും.