
വാഷിങ്ടൺ: യുഎസ് തലസ്ഥാനമായ വാഷിങ്ടണിൽ വിമാനവും ഹെലികോപ്റ്ററും കൂട്ടിയിടിച്ച് 67 പേർക്കു ദാരുണാന്ത്യം. പ്രാദേശിക സമയം രാത്രി 9 റൊണാൾഡ് റീഗൻ നാഷണൽ വിമാനത്താവളത്തിലാണ് യുഎസിനെ നടുക്കിയ ദുരന്തം. ജീവനക്കാരുൾപ്പെടെ 64 പേരുമായെത്തിയ അമെരിക്കൻ എയർലൈൻസിന്‍റെ സിആര്‍ജെ 700 വിമാനം ആകാശത്ത് സൈന്യത്തിന്‍റെ ഹെലികോപ്റ്ററുമായി കൂട്ടിയിടിക്കുകയായിരുന്നു. പോട്ടോമാക് നദിക്കു മുകളിലുണ്ടായ കൂട്ടിയിടിയിൽ വിമാനവും കോപ്റ്ററും തീഗോളമായി മാറുന്നതിന്‍റെ ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടു. കോപ്റ്ററിൽ മൂന്ന് സൈനിക ഉദ്യോഗസ്ഥരാണുണ്ടായിരുന്നത്.
നദിയിൽ നിന്ന് 28 മൃതദേഹങ്ങൾ കണ്ടെടുത്തു. ഇവിടെ തെരച്ചിൽ തുടരുകയാണ്. വിമാനത്താവളം താത്കാലികമായി അടച്ചു. അപകടത്തിന് കാരണം അറിവായിട്ടില്ല. വൈറ്റ് ഹൗസിന് അഞ്ചു കിലോമീറ്റർ അകലെയാണു സംഭവം. വിമാനം 33ാം റൺവേയിൽ ലാൻഡ് ചെയ്യാനൊരുങ്ങുമ്പോഴായിരുന്നു അപകടമെന്ന് അധികൃതർ. കൻസാസിൽ നിന്നു വാഷിങ്ടണിലേക്കു വന്ന പിഎസ്എ എയർലൈൻസിന്‍റെ വിമാനമാണിത്. കൂട്ടിയിടിച്ച യു.എച്ച് 60 ബ്ലാക്ക് ഹോക്ക് ഹെലിക്കോപ്റ്റർ പതിവുള്ള പരിശീലനപ്പറക്കൽ നടത്തുകയായികുന്നു. 2001 നവംബർ 12ന് ന്യൂയോർക്കിൽ അമെരിക്കൻ എയർലൈൻസിന്‍റെ വിമാനം തകർന്ന് 260 പേർ മരണമടഞ്ഞശേഷം യുഎസിലുണ്ടാകുന്ന ഏറ്റവും വലിയ വിമാനദുരന്തമാണിത്.