കറുത്തവർഗക്കാരന്‍റെ മരണം: പൊലീസ് ഉദ്യോഗസ്ഥനെ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തു

0

അമേരിക്കയിൽ കാൽമുട്ടുപയോഗിച്ച് കറുത്തവർഗക്കാരൻ ജോർജ് ഫ്ലോയിഡിനെ കഴുത്തുഞെരിച്ചു കൊന്ന വിവാദ സംഭവത്തിൽ പൊലീസ് ഓഫിസ കൊലപാതക കുറ്റത്തിന് അറസ്റ്റ് ചെയ്തു. ഡെറിക് ഷൗവിൻ എന്ന പൊലീസുകാരനെയാണ് അറസ്റ്റ് ചെയ്തത്.

മിനിയാപോളീസ് സെനേറ്റർ എമി ക്ലോബച്ചറാണ് അറസ്റ്റുമായി ബന്ധപ്പെട്ട വിവരം പുറത്ത് വിട്ടത്. നീതിയുടെ ആദ്യപടിയാണ് ഷൗവിന്റെ അറസ്റ്റെന്നും അവർ വിഷയത്തിൽ പ്രതികരിച്ചു. സംഭവത്തിന് ഉത്തരവാദികളായ നാലു പൊലീസുകാരെ പിരിച്ചുവിട്ടിട്ടുണ്ട്.

മിനിയാപാേളീസ് പൊതു സുരക്ഷാ കമ്മീഷണർ ജോൺ മാർക്ക് ഹാരിങ്ടണും പൊലീസ് ഉദ്യോ​ഗസ്ഥനെ അറസ്റ്റ് ചെയ്തുവെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാൽ പ്രതിയ്ക്കെതിരെ ചുമത്തിയ വകുപ്പുകളെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ അദ്ദേഹം പറഞ്ഞില്ല. പൊലീസ് ഉദ്യോ​ഗസ്ഥനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ക്ലൗബച്ചറിനെതിരെ വ്യാപകമായ വിമർശനം ഉയർന്നിരുന്നു.

ജോർജ് ഫ്ളോയിഡിന്റെ മരണത്തെ തുടർന്ന് അമേരിക്കയിൽ പ്രതിഷേധം ശക്തമായിരുന്നു. നിരായുധനായ കറുത്ത വര്‍ഗക്കാരനായ ഫ്‌ളോയിഡിനെ നിലത്ത് കിടത്തി പൊലീസ് കഴുത്തില്‍ കാല്‍മുട്ടുകൊണ്ട് ഞെരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹമാധ്യമങ്ങള്‍ പ്രചരിച്ചിരുന്നു.

ഫ്ലോയിഡിന്‍റെ കുടുംബത്തിന്‍റെ അഭിഭാഷകൻ ഓഫിസറുടെ അറസ്റ്റിനെ സ്വാഗതം ചെയ്തു. എന്നാൽ, കൂടുതൽ ഗൗരവമുള്ള കുറ്റങ്ങൾ ഓഫിസറിൽ ചാർത്തണമെന്നും കുറ്റക്കാരായ മറ്റു മൂന്നു പേരെക്കൂടി അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പൊലീസിന്‍റെ വാഹനത്തിൽ കയറാൻ വിസമ്മതിച്ച് നിലത്തു വീണു കിടന്നപ്പോഴാണ് പ്രകോപിതനായ ഓഫിസർ കാൽമുട്ടുകൊണ്ട് കഴുത്തു ഞെരിച്ചതെന്നാണു പൊലീസ് പറയുന്നത്. ശ്വാസം കിട്ടാതെ ഫ്ലോയിഡ് കേണു കരഞ്ഞിട്ടും ചോവിൻ വിട്ടില്ല. എട്ടു മിനിറ്റ് 46 സെക്കൻഡാണ് കാൽമുട്ടുകൊണ്ട് കഴുത്തു ഞെരിച്ചത്. ഫ്ലോയിഡ് അനങ്ങാതായിട്ടും മൂന്നു മിനിറ്റ് കഴിഞ്ഞാണ് ഓഫിസർ വിട്ടത്.