വാഷിംഗ്ടണ്‍- മുന്‍ അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗനെയും മൂന്നു ജീവനക്കാരെയും 1981 മാര്‍ച്ച് 30 ന് വെടിവച്ചു വീഴ്ത്തിയ ജോണ്‍ ഹിന്‍ക്ലെ ഭ്രാന്താശുപത്രിയില്‍നിന്ന് മോചിതനാകുന്നു. യു.എസ് ഡിസ്ട്രിക്ട് ജഡ്ജ് പോള്‍ ഫ്രൈഡ്മാന്റെ ഉത്തരവ് പ്രകാരം 41 വര്‍ഷത്തെ ആശുപത്രി വാസത്തിനുശേഷം അടുത്ത ജൂണില്‍ ഇയാള്‍ക്ക് പുറത്തിറങ്ങാം.
വെടിയേറ്റു വാരിയെല്ലുകള്‍ തകര്‍ന്ന റീഗന്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. വെടിയേറ്റ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെയിംസ് ബ്രാഡി, സീക്രട്ട് സര്‍വീസ് ഏജന്റ് റ്റിം മെക്കാര്‍ത്തി, വാഷിംഗ്ടണ്‍ ഡിസി പൊലീസ് ഓഫീസര്‍ തോമസ് ഡെലാഹാന്റി എന്നിവരും ഏതാനും ദിവസത്തിന് ശേഷം ആശുപത്രിവിട്ടു. തലച്ചോറിനു ക്ഷതമേറ്റ ബ്രാഡി 2014 ല്‍ മരണമടഞ്ഞു.
1976 ല്‍ പുറത്തിറങ്ങിയ ‘ടാക്‌സി ഡ്രൈവര്‍’ എന്ന സിനിമയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഹിന്‍ക്ലെ കൃത്യത്തിന് മുതിര്‍ന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മാനസിക സ്ഥിരതയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ഇയാളെ കുറ്റവിമുക്തനാക്കുകയും ഭ്രാന്താശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ഉത്തരവിടുകയുമായിരുന്നു.