ആരാകും പുതിയ പ്രസിഡന്റ് ?; അമേരിക്ക പോളിങ് ബൂത്തിലേക്ക്…

0

വാഷിങ്ടൺ: 46-ാമത് യു.എസ്. പ്രസിഡന്റ് സ്ഥാനത്തിനായി ട്രംപും ബൈഡനും തമ്മിലുള്ള തീപാറുന്ന പോരാട്ടങ്ങൾക്കൊടുവിൽ അമേരിക്ക പോളിങ് ബൂത്തിലേക്ക്. അമേരിക്കൻ ജനതയും വൈറ്റ് ഹൗസ്സും ഒരേപോലെകാത്തിരിക്കുകയാണ് പുതിയ അവകാശിക്കായി.

ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്ക് മൂന്നരയ്ക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് നാളെ രാവിലെയോടെ അമ്പതു സംസ്ഥാനങ്ങളിലും പൂർത്തിയാകും. നാളെ രാവിലെ മുതൽ ഫല സൂചനകൾ ലഭ്യമാകും. ഔദ്യോഗിക ഫല പ്രഖ്യാപനം ജനുവരി ആറിനാണ്.

തിരഞ്ഞെടുപ്പ് നടത്തിപ്പുരീതിയും വോട്ടിങ് സമയവും ഓരോ സംസ്ഥാനങ്ങളിലും വേറിട്ടിരിക്കും. ന്യൂയോർക്ക്, നോർത്ത് ഡെക്കോഡ തുടങ്ങിയ സംസ്ഥാനങ്ങളിൽ രാവിലെ ആറുമുതൽ വൈകീട്ട് ഒമ്പത് വരെയാണ് പോളിങ്.

റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായി വീണ്ടും മത്സരിക്കുന്ന ഇപ്പോഴത്തെ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഡമോക്രാറ്റ് സ്ഥാനാർഥിയായ ജോ ബൈ‍ഡനെക്കാൾ ശരാശരി 9 പോയിന്റിനു പിന്നിലാണെന്നാണ് സർവേകൾ സൂചിപ്പിക്കുന്നത്. ബാറ്റിൽ ഗ്രൗണ്ട് സംസ്ഥാനങ്ങളായ മിഷിഗൺ, വിൻകോൺസിൻ, പെൻസിൽവേനിയ, ഫ്‌ലോറിഡ, നോർത്ത് കാരോലിന, ജോർജിയ, അരിസോണ, ഓഹയോ, അയോവ എന്നിവിടങ്ങളിലെ വോട്ടുകൾ തെരഞ്ഞെടുപ്പിൽ ഏറെ നിർണായകമാകും.

ഫ്ലോറിഡയും പെൻസിൽവേനിയയും പോലെ നിർണായക സംസ്ഥാനങ്ങളിൽ നേരിയ വ്യത്യാസത്തിനാണെങ്കിലും വിജയം ഉറപ്പാക്കാനായാൽ ഇലക്ടറൽ വോട്ടിൽ ഭൂരിപക്ഷം നേടി ട്രംപിനു വീണ്ടും പ്രസിഡന്റാകാൻ കഴിഞ്ഞേക്കും. ആദ്യ ഫലം അറിയുന്ന ജോർജിയയിൽ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻസും ഒപ്പത്തിനൊപ്പമെന്നാണ് വിലയിരുത്തൽ. ഇതുവരെയുള്ള സർവേ ഫലങ്ങളിൽ ജോ ബൈഡൻ തന്നെയാണ് മുന്നിൽ നിൽക്കുന്നത്. എന്നാൽ, ഭരണത്തുടർച്ച ആഗ്രഹിക്കുന്ന ട്രംപ് ഒരിടത്തും മുന്നിലല്ലെന്നാണ് ന്യൂയോർക്ക് ടൈംസ് സർവേ പറയുന്നത്.

അമേരിക്കൻ ജനാധിപത്യത്തിന്റെ കഴിഞ്ഞ 232 വർഷത്തെ ചരിത്രമെടുത്തുനോക്കിയാൽ ആദ്യമായാണ് ഒരു മഹാമാരിയുടെ പശ്ചാത്തലത്തിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത് എന്ന പ്രത്യേകതകൂടി ഇതവണയുണ്ട്.