യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ബൈഡന് പകരം മിഷേൽ ഒബാമ?

0

വാഷിങ്ടൺ: യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ ആദ്യ സംവാദത്തിൽ ഡോണൾഡ് ട്രംപിനു മുന്നിൽ പതറിയ ജോ ബൈഡന്‍റെ ഭാവിയെച്ചൊല്ലി ചർച്ചകൾ. ബൈഡനെ പിൻവലിച്ച് മറ്റൊരു നേതാവിനെ ഡെമൊക്രറ്റുകൾ ഉയർത്തിക്കൊണ്ടുവരുമോ എന്നാണു യുഎസ് മാധ്യമങ്ങളും നിരീക്ഷകരും ഉറ്റുനോക്കുന്നത്. എൺപത്തൊന്നുകാരൻ ബൈഡൻ ട്രംപിന്‍റെ വാദങ്ങൾക്കു മുന്നിൽ യഥാർഥത്തിൽ കുഴങ്ങിയിരുന്നു. പ്രായാധിക്യം ബൈഡന്‍റെ ഓർമയെ ബാധിച്ചോ എന്നും സംശയം ശക്തമാണ്.

പ്രൈമറിയിൽ വിജയിച്ച സ്ഥാനാർഥിയെ മാറ്റുക യുഎസിലെ രീതിയല്ല. എന്നാൽ, ബൈഡന്‍ ഡെമൊക്രറ്റിക് പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെന്നതിനാൽ പുനരാലോചനയ്ക്ക് സാധ്യതയുണ്ടെന്നാണു മാധ്യമങ്ങളുടെ നിഗമനം. ഓഗസ്റ്റ് 19 മുതല്‍ 22 വരെ ഷിക്കാഗോയില്‍ നടക്കുന്ന ഡെമൊക്രറ്റിക് നാഷണല്‍ കണ്‍വെന്‍ഷനിലാണ് ഔദ്യോഗിക സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുക. അതിൽ ബൈഡനെ മാറ്റിയാൽ അതു യുഎസിൽ പുതിയ ചരിത്രമായിരിക്കും. ഒരുപക്ഷേ സ്വയം മാറിനിൽക്കാൻ ബൈഡനെ പ്രേരിപ്പിക്കാനും സാധ്യത തള്ളാനാവില്ല.

ബൈഡൻ മാറിയാൽ പകരം മുൻ പ്രസിഡന്‍റ് ബരാക് ഒബാമയുടെ പത്നി മിഷേൽ ഒബാമ, ഇപ്പോഴത്തെ വൈസ് പ്രസിഡന്‍റ് കമല ഹാരിസ്, കാലിഫോർണിയ ഗവർണർ ഗവിൻ ന്യൂസോം, ഇല്ലിനോയ്സ് ഗവർണർ ജെ.ബി. പ്രിറ്റ്സ്കെർ തുടങ്ങി നിരവധി പേരുകൾ ഉയരുന്നുണ്ട്. എന്നാൽ, ബൈഡനെ പിന്തുണച്ച് ബരാക് ഒബാമ തന്നെ ഇന്നലെ രംഗത്തെത്തി. ചില ദിവസം സംവാദത്തിൽ മികച്ച പ്രകടനം നടത്താനാവില്ലെന്നും അതു സ്വാഭാവികമാണെന്നും ഒബാമ പറഞ്ഞു.