വാഷിംങ്ടണ്‍: അമേരിക്കയിൽ 538 അംഗങ്ങളുള്ള ഇലക്ടറൽ കോളേജ് പുതിയ പ്രസിഡന്റായി ജോ ബൈഡനെയും വൈസ് പ്രസിഡന്റ് ആയി കമല ഹാരിസിനെയും ഔദ്യോഗികമായി തെരഞ്ഞെടുത്തു. രാജ്യത്തിന്റെ ആത്മാഭിമാനം വീണ്ടെടുക്കാനുള്ള പോരാട്ടത്തില്‍ ജനാധിപത്യം വിജയിച്ചെന്നാണ് ബൈഡന് ഇതേക്കുറിച്ച് പ്രതികരിച്ചത്. 2021 ജനുവരിയില്‍ ബൈഡന് ചുമതലയേല്‍ക്കും.
നവംബര്‍ 3ന് നടന്ന പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ജോ ബൈഡന് ഭൂരിപക്ഷം ഉള്ളതായി വ്യക്തമായതിനെ തുടര്‍ന്നാണ് ഇലക്ട്രല്‍ കോളേജ് അദ്ദേഹത്തെ പ്രസിഡന്റായി പ്രഖ്യാപിച്ചത്. നിലവിലെ പ്രസിഡന്റ് ഡോണൾഡ് ട്രംപിനും നിയുക്ത പ്രസിഡന്റ് ജോ ബൈഡനും ലഭിച്ച ഇലക്ടറൽ വോട്ടുകൾ സംബന്ധിച്ച് ഔദ്യോഗിക കണക്കുകളായി. ജോ ബൈഡന് 306 ഇലക്ടറൽ വോട്ടുകളാണ് ആകെ ലഭിച്ചതെന്ന് അമേരിക്കൻ അധികൃതരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, ട്രംപിന് വെറും 232 ഇലക്ടറൽ വോട്ടുകൾ മാത്രമാണ് നേടാനായതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ട്രംപ് തോല്‍വി സമ്മതിക്കാതിരുന്ന അരിസോണ, ജോര്‍ജിയ, മിഷിഗണ്‍, നെവാഡ, പെന്‍സില്‍വാനിയ വിസ്കോസിന് തുടങ്ങിയ ആറ് സംസ്ഥാനങ്ങളിലും ബൈഡന് വിജയിച്ചതായി ഇലക്ട്രല്‍ കോളേജ് പ്രഖ്യാപിക്കുകയായിരുന്നു.
നേരത്തെ, വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ ക്രമക്കേടുകൾ ആരോപിച്ച് ഡോണൾഡ് ട്രംപ് കോടതിയെ വരെ സമീപിച്ചിരുന്നു. എന്നാൽ, ട്രംപും അനുകൂലികളും നൽകിയ മുഴുവൻ ഹർജികളും കോടതി തള്ളുകയാണുണ്ടായത്. മൂന്ന് ദിവസത്തിലധികം നീണ്ടുനിന്ന വോട്ടെണ്ണലിന് ശേഷമാണ് ബൈഡന് തന്റെ ജയം ഉറപ്പിച്ചത്. 77 വയസുള്ള ബൈഡന് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്ന ഏറ്റവും പ്രായം കൂടിയ ആളാണ്.
വൈസ് പ്രസിഡന്റായി കമല ഹാരിസിനെയും തെരഞ്ഞെടുത്തു. ഔദ്യോഗിക ഫലപ്രഖ്യാപനം ജനുവരി ആറിനാണ്. 20നാണ് സത്യപ്രതിജ്ഞ. അധികാരത്തിലേറാനുള്ള നടപടികള്‍ ഇതിനോടകം ബൈഡന് ക്യാമ്പ് തുടങ്ങിക്കഴിഞ്ഞു.