ഇന്ത്യക്ക് 25% വരെ അധികതീരുവ ചുമത്താൻ യുഎസ്; 14 രാജ്യങ്ങൾക്ക് താരിഫ് ഏർപ്പെടുത്താൻ നിർദേശം
വാഷിങ്ടൺ: ഇന്ത്യയുൾപ്പെടെ 14 രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിക്ക് പുതിയ തീരുവ ഏർപ്പെടുത്താൻ അമേരിക്ക. ഇന്ത്യയിൽനിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം വരെയും ചൈനയിൽനിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 40 ശതമാനം വരെയും അധിക തീരുവ ഏർപ്പെടുത്താനാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം. ഇന്ത്യ-അമേരിക്ക വ്യാപാരക്കാരാർ സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് അമേരിക്കയുടെ പുതിയ നീക്കം.
യൂറോപ്യൻ യൂണിയൻ, ബംഗ്ലാദേശ്, ജപ്പാൻ, സ്വിറ്റ്സർലൻഡ്, സിംഗപ്പുർ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 20 ശതമാനം വരെ തീരുവ ചുമത്താനും ആലോചനയുണ്ട്. ആഗോള വിപണിയിൽ കുറഞ്ഞ വിലയ്ക്ക് വ്യാവസായിക ഉൽപ്പന്നങ്ങൾ വിറ്റഴിച്ച് മറ്റ് രാജ്യങ്ങളുടെ വിപണിയെ ദോഷകരമായി ബാധിക്കുന്നുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് അമേരിക്കയുടെ നീക്കം.
എന്നാൽ, അമിതമായ വ്യാവസായിക ഉൽപ്പാദനമെന്ന അമേരിക്കയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് ചൈനയുടെ നിലപാട്. ഇതിന്റെ പേരിൽ രാഷ്ട്രീയ സമ്മർദം ചെലുത്താനുള്ള നീക്കങ്ങളെ അംഗീകരിക്കില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ പറഞ്ഞു.
അതേസമയം, നേരത്തെ വിവിധ രാജ്യങ്ങളുമായി ട്രംപ് ഭരണകൂടം ഉണ്ടാക്കിയ വ്യാപാര കരാറുകളിലെ തീരുവ പരിധി മറികടക്കില്ലെന്നാണ് അമേരിക്കയുടെ വിശദീകരണം. ചൈനയുമായുയുള്ള നിലവിലെ ധാരണപ്രകാരം 20 ശതമാനമാണ് തീരുവയുടെ പരമാവധി പരിധി. യൂറോപ്യൻ യൂണിയൻ, ജപ്പാൻ, ദക്ഷിണ കൊറിയ, തായ്‌വാൻ എന്നിവയുമായുള്ള കരാറുകളിൽ 15 ശതമാനവും മലേഷ്യയുമായുള്ള കരാറിൽ 19 ശതമാനവുമാണ് പരിധി. നേരത്തെ ഏർപ്പെടുത്തിയ ചില തീരുവകൾക്ക് പുറമെ പുതിയ നികുതി കൂടി ചുമത്തില്ലെന്നും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.