ബെലാറുസിലെ യു.എസ്. എംബസി അടച്ചു; റഷ്യയില്‍നിന്ന് മടങ്ങാന്‍ നയതന്ത്ര ജീവനക്കാര്‍ക്ക് നിർദേശം

1

വാഷിങ്ടണ്‍: ബെലാറുസിലെ എംബസി അടച്ച് അമേരിക്ക. കൂടാതെ, റഷ്യയിലെ യു.എസ്. എംബസിയിലെ അടിയന്തര വിഭാഗങ്ങളില്‍ ഉള്‍പ്പെടാത്ത ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും മടങ്ങിവരാനുള്ള അനുമതിയും യു.എസ്. നല്‍കിയിട്ടുണ്ട്. യുക്രൈനില്‍ റഷ്യന്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് യു.എസ്. നീക്കം.

യുക്രൈനില്‍ റഷ്യന്‍ സൈന്യം നടത്തുന്ന പ്രകോപനരഹിതവും നീതീകരിക്കാനാവാത്തതുമായ ആക്രമണം ഉയര്‍ത്തുന്ന സുരക്ഷാപ്രശ്‌നങ്ങള്‍ കാരണമാണ് തങ്ങള്‍ ഇത്തരമൊരു നടപടി സ്വീകരിക്കുന്നതെന്ന് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. ബെലാറുസിലെ യു.എസ്. എംബസിയിലെ അമേരിക്കന്‍ പതാക, ജീവനക്കാര്‍ താഴ്ത്തുന്നതിന്റെ ഫോട്ടോ യു.എസ്. അംബാസഡര്‍ ജൂലി ഫിഷര്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. എംബസിയിലുണ്ടായിരുന്ന മുഴുവന്‍ അമേരിക്കന്‍ ജീവനക്കാരും ബെലറുസ് വിട്ടതായും ഫിഷര്‍ ട്വീറ്റില്‍ വ്യക്തമാക്കുന്നു. തലസ്ഥാനമായ മിന്‍സ്‌കിലാണ് ബെലറുസിലെ യു.എസ്. എംബസി പ്രവര്‍ത്തിക്കുന്നത്.

രണ്ടാഴ്ച മുന്‍പ്, യുക്രൈനിലെ എംബസിയുടെ പ്രവര്‍ത്തനം തലസ്ഥാനമായ കീവില്‍നിന്ന് പടിഞ്ഞാറന്‍ നഗരമായ ലിവിലേക്ക് യു.എസ്. മാറ്റിയിരുന്നു. റഷ്യന്‍ സൈന്യം യുക്രൈന്‍ അതിര്‍ത്തി വളഞ്ഞതിനു പിന്നാലെ ആയിരുന്നു ഇത്. അതിനിടെ, ബെലാറസില്‍ റഷ്യയും യുക്രൈനും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. ആക്രമണം അവസാനിപ്പിച്ച് സമാധാനം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ ചര്‍ച്ച നടത്തുന്നത്. വെടിനിര്‍ത്തല്‍ വേണമെന്നും റഷ്യന്‍ സൈന്യത്തെ തങ്ങളുടെ പ്രദേശത്ത് പിന്‍വലിക്കാന്‍ റഷ്യ തയ്യാറാവണമെന്നുമുള്ള നിലപാടാണ് യുക്രൈന്‍ സ്വീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.