
മനസറിഞ്ഞ് സ്നേഹിച്ചാൽ ജീവൻ കൊടുത്തും സ്നേഹിക്കുന്നവരാണ് വളർത്തു മൃഗങ്ങൾ. അതുകൊണ്ടു തന്നെ മിക്കപ്പോഴും അവയെ പിരിഞ്ഞിരിക്കുന്നത് സങ്കടകരമായ കാര്യമായിരിക്കും. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ ചർച്ചയാവുന്നത്. ഗുജറാത്തിലെ ഒരു ഹോട്ടലിൽ താമസിക്കാൻ യുവതിയെത്തിയത് വളർത്തു മൃഗങ്ങളുമായാണ്. 14 വളർത്തു മൃഗങ്ങളാണ് യുവതിക്കൊപ്പമുണ്ടായിരുന്നത്. ഗുജറാത്തിലെ സിൽവർ സ്പ്രിങ് ഹോട്ടലിലായിരുന്നു സംഭവം. അമേരിക്കകാരിയായ യുവതി ഇന്ത്യയിൽ സന്ദർശനത്തിനെത്തിയതായിരുന്നു.

ആറ് പൂച്ചകളും ഏഴ് നായകളും ഒരു ആടുമായാണ് യുവതിയെത്തിയത്. എന്നാൽ ഹോട്ടൽ അധികൃതർ വളർത്തു മൃഗങ്ങളെ പ്രവേശിപ്പിക്കാൻ തയാറായില്ല. എന്നാൽ താൻ മൂന്ന് ദിവസത്തേക്കാണ് മുറി ബുക്ക് ചെയ്തതെന്നും മൂന്ന് ദിവസം കഴിയാതെ പോകില്ലെന്നും യുവതി പറഞ്ഞു. ഒടുവിൽ പൊലീസിനെ വിളിച്ച് ഹോട്ടൽ ഉടമയ്ക്കെതിരെ പരാതി നൽകുകയും ചെയ്തു. തുടർന്ന് യുവതിയെ നഗരത്തിലെ മറ്റൊരു ഹോട്ടലിൽ താമസിപ്പിച്ചു.
