ദോഹ: യുഎസും താലിബാനും തമ്മിലുള്ള സമാധാന കരാറിൽ ഇന്ന് ഒപ്പ് വയ്ക്കും. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ വെച്ചാണ് താലിബാനുമായുള്ള സമാധാന ഉടമ്പടി അമേരിക്ക ഒപ്പുവെക്കുന്നത്.
ചടങ്ങിൽ മുപ്പതോളം രാജ്യങ്ങളിലെ പ്രതിനിധികൾ സാക്ഷ്യം വഹിക്കും. കരാർ ഒപ്പിടുന്നതിന് മുന്നോടിയായി കഴിഞ്ഞ ദിവസം ഇന്ത്യൻ വിദേശ കാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്‍ല അഫ്‌ഗാനിസ്ഥാൻ സന്ദർശിച്ചു. പ്രസിഡന്‍റ് അഷ്റഫ് ഗനിയുമായി കൂടിക്കാഴ്ച്ച നടത്തിയ അദ്ദേഹം രാജ്യത്ത് സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് ഇന്ത്യയുടെ പൂർണ്ണ പിന്തുണ അറിയിച്ചു.
കരാര്‍ ഒപ്പിടുന്ന ചടങ്ങിലേക്ക് വിവിധ രാജ്യങ്ങളുടെ പ്രതിനിധികളേയും അഫ്ഗാനിസ്താനിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളേയും ക്ഷണിച്ചിട്ടുണ്ടെന്ന് താലിബാന്‍ പറയുന്നു. അമേരിക്കന്‍ സൈന്യത്തിന്റെ തടവിലുള്ള താലിബാന്‍ തടവുകാരെ മോചിപ്പിക്കുന്ന നടപടികളും തുടങ്ങിയെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.
അഫ്‌ഗാനിലെ സായുധ പോരാട്ടം അവസാനിപ്പിക്കാൻ യുഎസും താലിബാനും തമ്മിൽ ഒരുവർഷമായി നടന്നുവരുന്ന സമാധാന ചർച്ചകൾക്കാണ് കരാർ ഒപ്പ് വയ്ക്കലിലൂടെ ഫലം കാണുക. കരാർ യാഥാർഥ്യമായാൽ അഫ്‌ഗാനിലെ യുഎസ് സേനയെ ഘട്ടം ഘട്ടമായി പിൻവലിക്കും. എന്നാൽ ചടങ്ങിലേക്ക് അഫ്‌ഗാനിസ്ഥാൻ പ്രതിനിധിയെ അയച്ചിട്ടില്ല.