കൊല്ലം ∙ അഞ്ചല്‍ ഉത്ര വധക്കേസില്‍ സൂരജിന്റെ അച്ഛൻ സുരേന്ദ്രൻ അറസ്റ്റിൽ. മണിക്കൂറുകൾ നീണ്ട വിശദമായി ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ വീടിനടുത്തുള്ള റബര്‍ തോട്ടത്തില്‍ കണ്ടെത്തി. 36 പവൻ തൂക്കമുള്ള ആഭരണങ്ങള്‍ രണ്ട് പൊതികളിലാക്കി കുഴിച്ചിട്ട നിലയിലായിരുന്നു.
സൂരജിന്റെ വീട്ടില്‍ രാത്രിയില്‍ ക്രൈം ബ്രാഞ്ച് നടത്തിയ തെളിവെടുപ്പിനിടയിലാണ് സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയത്. പ്രതി സൂരജിന്റെ പിതാവ് സുരേന്ദ്രനാണ് സ്വര്‍ണം കാണിച്ചുകൊടുത്തത്. സൂരജിന്റെ കുടുംബാംഗങ്ങളുടെ ബാങ്ക് ലോക്കറുകളും പരിശോധിക്കും. സൂരജ് മുന്‍പും പാമ്പിനെ വീട്ടില്‍ കൊണ്ടുവന്നിട്ടുണ്ടെന്ന് അച്ഛൻ മൊഴി നൽകി. സൂരജിന്റെ കുടുംബാംഗങ്ങളുടെ മൊഴികളില്‍ വൈരുധ്യമുള്ളതിനാൽ സൂരജിന്റെ അമ്മയേയും സഹോദരിയേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തേക്കും.
രാത്രി എട്ട് മണിയോടെയാണ് ക്രൈം ബ്രാഞ്ച് സംഘം സൂരജിന്റെ വീട്ടില്‍ എത്തിച്ചേര്‍ന്നത്. സമീപപ്രദേശങ്ങളിലടക്കം തിരച്ചില്‍ നടത്തിയിരുന്നു. ഒടുവില്‍ വീടിന് സമീപത്തെ റബര്‍ തോട്ടത്തില്‍ രണ്ടിടങ്ങളിലായി മണ്ണില്‍ കുഴിച്ചിട്ട സ്വര്‍ണാഭരണങ്ങള്‍ സുരേന്ദ്രന്‍ കാട്ടിക്കൊടുക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലില്‍ കൊര്യങ്ങള്‍ പിതാവിനും അറിയാം എന്ന രീതിയില്‍ സൂരജ് മൊഴിനല്‍കിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെ ക്രൈംബ്രാഞ്ച് സംഘം സുരേന്ദ്രനെ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ കൊട്ടാരക്കരയില്‍ കൊണ്ടുപോയി വിശദമായി ചോദ്യം ചെയ്തിരുന്നു. അതിന് ശേഷമാണ് രാത്രി വൈകി വീട്ടില്‍ എത്തിച്ചേര്‍ന്നത്.