ആസിഡ് ആക്രമണം മുഖ്യ വിഷയമാക്കി ബോബി സഞ്ജയുടെ തിരക്കഥയില്‍ മനു അശോകന്‍ സംവിധാനം നിര്‍വ്വഹിച്ച് പാര്‍വതി തിരുവോത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഉയരെ മികച്ച അഭിപ്രായം നേടി തിയറ്ററിൽ ഉയരെ പറക്കുകയാണ്.
പാര്‍വതി അവതരിപ്പിച്ച പല്ലവി എന്ന കഥാപാത്രം ഇതിനോടകം തന്നെ ഒട്ടനവധി അഭിനന്ദന പ്രവാഹങ്ങൾ ഏറ്റുവാങ്ങി കഴിഞ്ഞു. ആഡിഡ് ആക്രമണത്തിന് ഇരയായ പല്ലവി രവീന്ദ്രനെന്ന കഥാപാത്രത്തിന്റെ വേഷം ഏറെ സൂക്ഷ്മതയോടെയാണ് താരം അവതരിപ്പിച്ചിരിക്കുന്നത്.
ആശുപത്രി കിടക്കയില്‍ മൂടിവെച്ചിരുന്ന പല്ലവിയുടെ മുഖം നഴ്സുമാര്‍ അഴിക്കുന്നതും വീട്ടുക്കാർ കാൺകെ അവള്‍ കണ്ണാടിയില്‍ അവളുടെ ആ മുഖം നോക്കുന്നതും ഉയരെ കണ്ടിറങ്ങിയ ഏതൊരു കാഴ്‌ച്ചക്കാരന്റേയും മനസ്സിൽ ആഴത്തിൽ തറച്ചിറങ്ങിയ രംഗമാണ്.
ഇതിൽ ആസിഡ് ആക്രമണത്തിന് ഇരയായതിന് ശേഷമുള്ള പാർവ്വതിയുടെ ആ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിൽ താരത്തിന്റെ മുഖത്ത് നടത്തിയ മേക്കപ്പിന്റെ വിഡിയോയാണ് ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ പാര്‍വതി തന്നെയാണ് വീഡിയോ പുറത്തു വിട്ടത്.
ഒരു മിനിട്ട് 43 സെക്കന്‍ഡാണ് വീഡിയോയുടെ ദൈര്‍ഘ്യം. പാര്‍വതിയുടെ മേക്കപ്പ് ആരംഭിക്കുന്നതു മുതല്‍ ആസിഡ് ആക്രമണ ഇരയായി മേക്കപ്പ് അവസാനിക്കുന്നതു വരെ വീഡിയോയിലുണ്ട്.ബാംഗ്ലൂരില്‍ നിന്നുളള പ്രോസ്തെറ്റിക് ആര്‍ട്ടിസ്റ്റുകളായ സുബി ജോഹല്‍, രാജീവ് സുബ്ബ എന്നിവരാണ് പാര്‍വ്വതിയുടെ ‘ഉയരെ’ മേക്ക് ഓവറിന് പിന്നില്‍. ബാംഗ്ലൂരില്‍ ‘ഡേട്ടി ഹാന്‍ഡ്സ് സ്റ്റുഡിയോ’ എന്ന പേരില്‍ സ്റ്റുഡിയോ നടത്തുന്ന ഇരുവരും 10 വര്‍ഷത്തിലേറെയായി ഈ രംഗത്ത് വര്‍ക്ക് ചെയ്യുന്നവരാണ്.
അഹമ്മദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ നിന്നും ബിരുദാനന്തരബിരുദം നേടിയവരാണ് സുബിയും രാജീവും. രാജ്യത്ത് ആദ്യമായി സിലിക്കണ്‍ മോഡലുകള്‍ ഉണ്ടാക്കിയതും ഇവരായിരുന്നു. 33 ബോളിവുഡ് സിനിമകളിലും ഇരുവരും വര്‍ക്ക് ചെയ്തിട്ടുണ്ട്. ഇവരുടെ ആദ്യ മലയാള ചിത്രമാണ് ഉയരെ.
ദിവസവും നാലുമണിക്കൂറോളം എടുത്താണ് പ്രത്യേകരീതിയിലുള്ള പ്രോസ്തെറ്റിക്സ് മേക്കപ്പ് ചെയ്തിരുന്നത്. ബെംഗളൂരുവിലുള്ള ഇവരുടെ സ്റ്റുഡിയോയില്‍ പാര്‍വതി വരുകയും ട്രയല്‍ ചെയ്യുകയും ചെയ്തതിനു ശേഷമായിരുന്നു സിനിമയിലേയ്ക്ക് എത്തുന്നത്.