‘ഉയരെ’ , പ്രതീക്ഷകള്‍ക്ക് ഉയരെ പറന്ന ചിത്രം . അടുത്തകാലത്ത് കണ്ട മികച്ച ഒരു സിനിമ .ഒരു നായികയുടെ പ്രകടനത്തിന് ഇവിടെ സിംഗപ്പൂരില്‍ പോലും ലഭിച്ച കയ്യടി തന്നെയാണ് ഈ സിനിമയ്ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അവാര്‍ഡ് .സിനിമ കണ്ട് പുറത്തിറങ്ങുമ്പോള്‍ മുതല്‍ മനസ്സില്‍ കേറിക്കൂടിയ ഒരു ഡയലോഗുണ്ട് ,” ഇനിയെങ്കിലും നീ ആഗ്രഹിക്കുന്ന ഞാനാകാതെ , ഞാന്‍ ആഗ്രഹിക്കുന്ന ഞാന്‍ ആകാന്‍ എനിക്ക് സാധിക്കണം “.കാമുകീകാമുകന്മാരുടെ ഇടയില്‍ ഇന്നത്തെ കാലത്ത് നഷ്ടപ്പെടുന്ന Individual Space അല്ലെങ്കില്‍ വ്യക്തിത്വം എന്ന ഭീകരമായ അവസ്ഥയെ തുറന്നുകാണിക്കുന്ന ഈ വാക്കുകള്‍ നമ്മുടെയിടയില്‍ ഒരു പുനര്‍ചിന്തനത്തിനു കാരണമായേക്കാം .
നിങ്ങള്‍ സ്വപ്‌നങ്ങള്‍ കണ്ടിട്ടുള്ളവരാണോ , സ്വപ്നങ്ങളെ അടുക്കളയുടെ നാല് ചുവരില്‍ ഉപേക്ഷിച്ചവരാണോ, സൗന്ദര്യത്തിനു ഹൃദയനൈര്‍മല്യതയെക്കാള്‍ സ്ഥാനം നല്കുന്നവരാണോ ,മറ്റൊരാളുടെ സ്നേഹം നമ്മുക്ക് മാത്രമേ ലഭിക്കാവൂ എന്ന വാശിയുള്ളവരാണോ, ആരുടെയെങ്കിലും സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കാന്‍ ശ്രമിക്കുന്നവരാണോ , എന്നാല്‍ ഈ സിനിമ കുറഞ്ഞത് ഒരു തവണയെങ്കിലും കാണണം .പുരുഷന്മാരുടെ സ്വപ്നങ്ങളോടോപ്പം സ്ത്രീകളുടെ സ്വപ്നങ്ങളും പറന്നുയരട്ടെ .
തീര്‍ത്തും വൈകാരികമായും , സഹതാപരംഗങ്ങളിലും ഒതുങ്ങിപ്പോയേക്കാവുന്ന ഒരു സിനിമയെ ഇത്രമാത്രം ഊര്‍ജസ്വലമായും , പ്രചോധനപരമായും പുനരാവിഷ്ക്കരിച്ചു പ്രേക്ഷകരെ ആവേശകരമായി ഓരോ നിമിഷവും മടുപ്പില്ലാതെ പിടിച്ചിരുത്തി എന്നതാണ് ഏറ്റവും വലിയ യാഥാര്‍ത്ഥ്യം .
ഒരു സ്ത്രീ കേന്ദ്രകഥാപാത്രമായെത്തുന്ന സിനിമയില്‍ കൂടുതലും പ്രതീക്ഷിച്ചത് സമൂഹം അവളെ ഒറ്റപ്പെടുന്ന അവസ്ഥകളും പുരുഷമേധാവിത്വവുമെല്ലാം ആയിരുന്നെകില്‍ അതില്‍ നിന്ന് വ്യത്യസ്തമായി സഞ്ചരിക്കുകയായിരുന്നു ഉയരെ എന്ന ചെറിയ വലിയ സിനിമ .പല്ലവിയുടെ ജീവിതം നശിപ്പിച്ചത് ഒരു പുരുഷനാണെങ്കില്‍ അവളുടെ ജീവിതത്തില്‍ ഒരു പുത്തന്‍ അദ്ധ്യായം നല്‍കുന്നത് മറ്റൊരു പുരുഷനാണ് .ചെറുപ്പത്തില്‍ ഒരുപക്ഷെ അവള്‍ തന്നെ മറന്നുപോയ സ്വപ്നങ്ങളുടെ പിന്നാലെ പോയ ഒരു അച്ഛന്‍ അവള്‍ക്കുണ്ട് .ചിറകൊടിഞ്ഞ പല സ്വപ്നങ്ങള്‍ക്കും ചിറകുകള്‍ നല്‍കിയിട്ടുള്ളത് ഇത്തരം അച്ഛന്മാരുടെ കരുതലും സ്നേഹവും തന്നെയായിരിക്കാം .
ആസിഫ് അലിയോടു തോന്നിയ ദേഷ്യവും വെറുപ്പും തന്നെ മതി ആ കഥാപാത്രം എത്രമാത്രം പ്രേക്ഷകരിലേക്ക് എത്തിയെന്നത് മനസിലാക്കാന്‍.ടോവിനോയുടെ പുഞ്ചിരി ഈ സിനിമയ്ക്കും അതേപോലെ പല്ലവിക്കും നല്‍കുന്ന ഊര്‍ജം അസാധ്യമാണ് .പാര്‍വതിയുടെ കൂട്ടുകാരിയായി അഭിനയിച്ച അനാര്‍ക്കലി മാരിക്കാര്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നുണ്ട് .ഇത്തരമൊരു സൌഹൃദം മതി ഏതു പ്രതിസന്ധികളെയും സധൈര്യം നേരിടാനെന്നു കാണിച്ചുകൊടുത്തു.സിദ്ദിക്കിന്റെ അച്ഛന്‍ വേഷം മറ്റൊരാള്‍ക്ക് ചെയ്യാന്‍ പറ്റുമോയെന്ന് സംശയമാണ് .
മനു അശോകന്‍ എന്ന സംവിധായകന്‍ തുടക്കക്കാരനാണ് , തുടക്കം ഇങ്ങനെയാണെങ്കില്‍ ഇനി എത്രയോ മനോഹരചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ അയാള്‍ക്ക് കഴിയും .ഇങ്ങനെയൊരു സിനിമ നിര്‍മ്മിക്കാന്‍ ധൈര്യം കാണിച്ച മൂന്ന് സഹോദരിമാരായ ഷേനുഗ ,ഷേഗ്ന ,ഷെര്‍ഗാ –മാരെപ്പോലെയുള്ളവര്‍ നല്ല മലയാള സിനിമാ സൃഷ്ടികള്‍ക്ക് ജീവന്‍ നല്‍കാന്‍ മുന്നോട്ടു വരുന്നത് അഭിനന്ദനാര്‍ഹമാണ്.ഗോപി സുന്ദറിനു ഈ സിനിമയെ നന്നായി അറിയാം , എവിടെ നിശബ്ദത വേണം , എങ്ങനെ പശ്ചാത്തലസംഗീതം ഉപയോഗിക്കണമെന്ന് നീതിപൂര്‍വമായി ചെയ്യുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു .മേക്കപ്പ് ചെയ്ത ടീമിനും ഒരു കയ്യടി നല്‍കേണ്ടതുണ്ട് , ആസിഡ് അറ്റാക്കിന്റെ ഭീകരത നമ്മളിലേക്ക് എത്തിച്ചതിനു അവരുടെ പ്രയത്നം വലുതാണ് . ബോബി-സഞ്ജയ് കൂട്ടുകെട്ട് ,പറയാതെ പോയാല്‍ ഈ സിനിമയോട് ചെയ്യുന്ന ദ്രോഹമാകും.അവരുടെ തിരക്കഥയാണ് ഉയരെ യുടെ നട്ടെല്ല് .മലയാള സിനിമ കണ്ട മികച്ച തിരക്കഥാകൃതുക്കളുടെ നിരയില്‍ നിങ്ങളുടെ സ്ഥാനം ഒരുപടികൂടെ ഉറപ്പിച്ചിരിക്കുന്നു .
വന്‍കിടചിത്രങ്ങളും , തട്ടുപൊളിപ്പന്‍ മസാല ചിത്രങ്ങളെയും വിജയിപ്പിച്ച നമുക്ക് ഈ സിനിമയുടെ തീയേറ്ററില്‍ പോയി കണ്ടു വിജയിപ്പിക്കാനുള്ള കടമയുണ്ട് .ടിവിയിലോ ഡിവിഡിയിലോ കാണുമ്പോള്‍ ഒരു നല്ല സിനിമയ്ക്ക് കയ്യടിക്കാന്‍ സാധിച്ചില്ലല്ലോ എന്ന ചിന്ത ഉണ്ടാകാനുള്ള അവസരം നല്‍കുകയുമരുത് .
My Rating – 4/5