ചെന്നൈ: തമിഴ്നട് മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി.കെ ശശികല ഇന്ന് ജയിൽ മോചിതയാകും. അനധികൃത സ്വത്ത് സമ്പാദന കേസിൽ ബംഗളൂരുവിലെ പരപന അഗ്രഹാര ജയിൽ നാല് വർഷം കഴിഞ്ഞതിന് ശേഷമാണ് ശശികല മോചിതയാകുന്നത്. ഇനി ചികിത്സ പൂർത്തിയാക്കിയാൽ ശശികലയ്ക്ക് നാട്ടിലേക്ക് മടങ്ങാം. ബെംഗളൂരു ആശുപത്രിയിൽ കൊവിഡ് ചികിത്സയിലാണ് ഇപ്പോൾ ശശികല.
ജയിൽ മോചനത്തിനായുള്ള നടപടികളെല്ലാം ആശുപത്രിയിൽ തന്നെ പൂർത്തിയാക്കുമെന്ന് പൊലീസ് അറിയിച്ചു. ജനുവരി 20നാണ് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് അവരെ ആർ.ടി-പി.സി.ആർ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. മക്കൾ മുന്നേറ്റ കഴകം ജനറൽ സെക്രട്ടറി ടി.ടി.വി ദിനകരൻ ബംഗളൂരുവിലെത്തിയിട്ടുണ്ട്. ശശികലയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും മറ്റ് ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെന്നും ദിനകരൻ പറഞ്ഞു.
കോവിഡ് നെഗറ്റീവ് ആയാൽ മാത്രമേ ശശികല ചെന്നൈയിലേക്കു യാത്ര തിരിക്കൂ. നിലവിൽ ആരോഗ്യനില തൃപ്തികരമാണ്. അനധികൃത സ്വത്തു സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ടു 2017ഫെബ്രുവരി 15ന് ആയിരുന്നു ശശികലയെയും കൂട്ട് പ്രതികളായ ഇളവരസി, സുധാകർ എന്നിവരെയും കോടതി വിധി നടപ്പിലാക്കി ജയിലിൽ അടച്ചത്. ശശികലയോടെ വരവോടെ അണ്ണാഡിഎംകെ പിളരുമെന്നാണ് ദിനകരപക്ഷത്തിന്റെ അവകാശവാദം. അസംതൃപ്തരായ പനീർസെൽവം പക്ഷത്തെ നേതാക്കൾ പാർട്ടി വിടുമെന്നാണ് വാദം.