മകളെ പുഴയിലേക്കെറിഞ്ഞെന്ന് കുറ്റസമ്മതം; സനു മോഹൻ അറസ്റ്റിൽ

0

കൊച്ചി: കൊച്ചി: എറണാകുളം മുട്ടാർ പുഴയിൽ 13 വയസ്സുകാരി വൈഗ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പിതാവ് സനുമോഹന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. വൈഗയെ കൊലപ്പെടുത്തിയതാണെന്ന സനു മോഹന്റെ കുറ്റസമ്മതത്തിന് പിന്നാലെയാണ് നടപടി. മകളോടൊപ്പം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി. എന്നാൽ മകളെ മുട്ടാർ പുഴയിൽ തള്ളിയെങ്കിലും തനിക്ക് ആത്മഹത്യ ചെയ്യാനായില്ലെന്ന് ഇയാൾ പറഞ്ഞു. ഇയാളുടെ മൊഴികളിൽ പൊരുത്തക്കേടുകളുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു.

കടബാധ്യത പെരുകിയപ്പോൾ മകളുമൊത്ത് മരിക്കാൻ തീരുമാനിച്ചുവെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. തനിയെ മരിച്ചാൽ മകൾ അനാഥയാകുമെന്ന് കരുതി. കൊച്ചിയിലെ ഫ്ളാറ്റിലെത്തി ഒരുമിച്ച് മരിക്കാൻ പോവുകയാണെന്ന് മകളോട് പറഞ്ഞു. അമ്മയെ അമ്മയുടെ വീട്ടുകാർ നോക്കിക്കോളുമെന്ന് പറഞ്ഞു. പൊട്ടിക്കരഞ്ഞ് ഫ്ലാറ്റിൽ നിന്ന് പുറത്തേക്ക് കടക്കാൻ ശ്രമിച്ച വൈഗയെ കെട്ടിപ്പിടിച്ച് മുഖം സ്വന്തം ശരീരത്തോട് ചേർത്ത് അമർത്തി ശ്വാസം മുട്ടിച്ചു. ശരീരത്തിന്‍റെ ചലനം നിലയ്ക്കുന്നത് വരെ അങ്ങനെ ചെയ്തു.

വൈഗയുടെ മൂക്കിൽ നിന്ന് രക്തം ഒഴുകി. ഇത് ബെഡ് ഷീറ്റ് ഉപയോഗിച്ച് തുടച്ചു. തുടർന്ന് മകളെ ബെഡ് ഷീറ്റിൽ പൊതിഞ്ഞ് കാറിൽ കിടത്തി. മകളുമായി മുട്ടാർ പുഴയുടെ കൽക്കെട്ടിലെത്തി. വൈഗയെ കൈയിലെടുത്ത് പുഴയിലേക്ക് താഴ്ത്തി. മരിച്ചെന്ന് കരുതിയാണ് അങ്ങനെ ചെയ്തത്. എന്നാൽ ഭയം കാരണം തനിക്ക് ആത്മഹത്യ ചെയ്യാനായില്ല. തുടർന്ന് ബാംഗ്ലൂരും ഗോവയിലും മൂകാംബികയിലും പോയി. കൈയ്യിലുണ്ടായിരുന്ന പണം പനാജിയിൽ ചൂതുകളിച്ച് കളഞ്ഞു. ഒളിവിൽ പോയതല്ല മരിക്കാൻ പോയതാണ്. യാത്രക്കിടെ പലതവണ ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും നടന്നില്ലെന്നും പൊലീസിനോട് സനു മോഹൻ പറഞ്ഞു.

ഫ്ലാറ്റിൽ വെച്ച് ശ്വാസം മുട്ടിച്ചെങ്കിലും വൈഗ മരിച്ചിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ബോധ രഹിതയായ വൈഗ മരിച്ചെന്ന് സനു മോഹൻ കരുതി. വെള്ളത്തിൽ എറിയുമ്പോൾ വൈഗ അബോധാവസ്ഥയിലായിരുന്നു. മരിച്ചിരുന്നില്ല. വെള്ളത്തിൽ വീണ ശേഷമാണ് മരണം സംഭവിച്ചത്. ആന്തരികാവയവങ്ങളിൽ വെള്ളമെത്തിയത് ഇങ്ങിനെയാവാം. വൈഗയുടെ മരണം മുങ്ങിമരണമെന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. സനു മോഹന്റെ മൊഴിയുടെ വിശ്വാസ്യത പരിശോധിക്കുകയാണ് പൊലീസ് സംഘം.

കൊച്ചി തൃക്കാക്കര പൊലീസ് സ്റ്റേഷനിലേക്ക് സനു മോഹനെ രാവിലെ എത്തിച്ചു. കേരള പൊലീസ് തന്നെയാണ് സനു മോഹനെ പിടികൂടിയതെന്ന് അന്വേഷണ സംഘം അവകാശപ്പെട്ടു. മൂകാംബികയിൽ നിന്ന് ഗോവ ലക്ഷ്യമാക്കിയാണ് സനുമോഹൻ സഞ്ചരിച്ചത്. കാർവാറിലെ ബീച്ച് പരിസരത്ത് നിന്ന് സനു മോഹനെ മൂന്നംഗ സംഘമാണ് പിടികൂടിയത്.

കേസിന്‍റെ ദുരൂഹതകൾ നീക്കി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ രാവിലെ 11ഓടെ മാധ്യമങ്ങളെ കാണും. മാർച്ച് 21 ന് വൈകിട്ടാണ് എറണാകുളം കങ്ങരപ്പടിയിലെ ഫ്ലാറ്റിൽ നിന്ന് അച്ഛനെയും മകളെയും കാണാതാകുന്നത്. ബന്ധുവിന്‍റെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് 13 വയസ്സുള്ള വൈഗയുടെ മൃതദേഹം മുട്ടാർ പുഴയിൽ നിന്ന് മാർച്ച് 22 ന് ഉച്ചയോടെ കണ്ടെത്തിയത്. എന്നാൽ സനു മോഹൻ എവിടെ എന്നത് സബന്ധിച്ച് പോലീസിന് വിവരമൊന്നും ലഭിച്ചില്ല. തുടർന്ന് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ സനു മോഹൻ പിടിയിലായത്.