ചൈനയിലെ വെർട്ടിക്കൽ ഗാർഡനെ കുറിച്ചു അടുത്തിടെ നമ്മള് എല്ലാവരും വാര്‍ത്തകള്‍ കണ്ടിരുന്നു . കൂറ്റൻ കെട്ടിടങ്ങളിൽ ലംബമായി വനമുയർന്ന് നില്ക്കുന്ന വെർട്ടിക്കൽ ഗാർഡന് അതിശയത്തോടെ ആണ് ലോകം കണ്ടതും .എന്നാൽ, ചൈനയില്‍ മാത്രമല്ല ഇന്ത്യയിലും ഉണ്ട് ഒരു വെർട്ടിക്കൽ ഗാർഡന്.അതെ ,ഇന്ത്യക്കാർക്കും ഇനി അഭിമാനിക്കാം. എവിടെയെന്നോ നമ്മുടെ ബാംഗ്ലൂരില്‍ തന്നെ.
വായുമലിനീകരണം കുറയ്ക്കാനും നഗരം ഭംഗിയാക്കാനുമായി ബംഗളൂരുവിലാണ് ഇന്ത്യയിലെ ആദ്യ വെർട്ടിക്കൽ ഗാർഡനുകൾ ഉയരുന്നത്. എന്നാൽ, ചൈനയിലെപ്പോലെ വലിയ കെട്ടിടങ്ങളിലല്ലെന്നു മാത്രം. ഹൊസൂർ റോഡ് ഇലക്ട്രോണിക്സ് സിറ്റി ഫ്ലൈ ഒാവറിന്റെ തൂണുകളിലാണ് ഈ വെർട്ടിക്കൽ ഗാർഡനുകൾ ഉയരുന്നത്. സേ ട്രീസ് എന്ന സംഘടനയുടെ നേതൃത്വത്തിൽ ഇപ്പോൾ 10 ഇനങ്ങളിൽപ്പെട്ട 3,500 തൈകൾ വച്ചുപിടിപ്പിച്ചുകഴിഞ്ഞു.
ഇലക്ട്രോണിക് ഡ്രിപ് ഇറിഗേഷൻ വഴിയാണ് ജലസേചനം. ഓട്ടോമാറ്റിക് ആയതിനാൽ തൈകൾക്ക് ദിവസേന ആവശ്യമുള്ള 100 മില്ലി ലിറ്റർ വെള്ളം കൃത്യമായി ലഭിക്കും. തൂണുകളിൽ ഉറപ്പിച്ചിരിക്കുന്ന വെർട്ടിക്കൽ ഗാർഡന്റെ ഓരോ വശത്തിനും വ്യത്യസ്ത ഡിസൈനാണ് നല്‍കിയിരിക്കുന്നത്. വൈകാതെതന്നെ ഫ്ലൈ ഓവറിന്റെ എല്ലാ തൂണുകളും വെർട്ടിക്കൽ ഗാർഡനുകളാൽ അലംകൃതമാകും.നഗരത്തിലെ ചൂടും പുകയും കുറയ്ക്കാനും മലിനമായ വായു ശുദ്ധീകരിക്കാനും പക്ഷികൾക്കും മറ്റും ആരോഗ്യകരമായ ആവാസവ്യവസ്ഥ ഒരുക്കാനും ഇത്തരം വെർട്ടിക്കൽ ഗാർഡനുകൾക്കു കഴിയുമെന്നാണ് സേ ട്രീ അവകാശപ്പെടുന്നത്.