തിരുവനന്തപുരം: പ്രശസ്ത നടൻ ജി.കെ പിള്ള(97) അന്തരിച്ചു. തിരുവനന്തപുരം ഇടവയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. 325 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.1954ല്‍ പുറത്തിറങ്ങിയ സ്‌നേഹസീമയാണ് ആദ്യ ചിത്രം.
1924-ൽ തിരുവനന്തപുരം ജില്ലയിലെ ചിറയിൻ കീഴിൽ ഗോവിന്ദ പിള്ളയുടെയും സരസ്വതിയമ്മയുടെയും മകനായാണ് ജനനം. ജി.കേശവപിള്ള എന്നതാണ് യഥാർത്ഥ പേര്.
ചിറയിന്‍കീഴ് ശ്രീചിത്തിരവിലാസം സ്‌കൂളില്‍ വിദ്യാഭ്യാസം. അതിന് ശേഷം പതിഞ്ചാമത്തെ വയസ്സിൽ സൈന്യത്തിൽ ചേർന്നു. മദ്രാസ് റെജിമെന്റിലെ പാളയം കോട്ടയില്‍ ആയിരുന്നു ആദ്യ നിയമനം..
രണ്ടാം ലോക മഹായുദ്ധത്തെ തുടർന്ന് സിംഗപ്പൂര്‍, ബര്‍മ്മ, സുമാത്ര എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇന്തോ-പാക് യുദ്ധത്തിലും പങ്കെടുത്തു. 15 വർഷത്തോളം സൈന്യത്തിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സൈനിക ക്യാമ്പിൽ വെച്ച് നിരവധി നാടകങ്ങളിൽ ഭാഗമായതോടെ സിനിമാ മോഹം തുടങ്ങി. നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ പ്രൊഫഷണല്‍ നാടകങ്ങളിലും സജീവമായിരുന്നു. നടൻ പ്രേം നസീറുമായുള്ള ബന്ധമാണ് പിന്നീട് അദ്ദേഹത്തെ സിനിമയിൽ എത്തിച്ചത്.
ആദ്യ ചിത്രമായ സ്നേഹ സീമയിൽ പൂപ്പള്ളി തോമസ് എന്ന കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്. അശ്വമേധം, ആരോമല്‍ ഉണ്ണി, ചൂള, ആനക്കളരി, പുലിവാൽ, കൂടപ്പിറപ്പ്, കണ്ണൂർ ഡീലക്സ്, സ്ഥാനാർത്ഥി സാറാമ്മ, ലോട്ടറി ടിക്കറ്റ്, കൊച്ചൻ എക്സ്പ്രസ്, കാര്യസ്ഥന്‍ വരെ ഒട്ടേറെ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. വില്ലന്‍ കഥാപാത്രങ്ങളേയായിരുന്നു പിള്ള സിനിമയിൽ അവതരിപ്പിച്ചിരുന്നത്. അനശ്വരനായ ജയന് ശേഷം ഡ്യുപ്പില്ലാതെ മികച്ച സംഘട്ടന രംഗങ്ങള്‍ ചെയ്തിരുന്നത് ജികെ പിള്ളയായിരുന്നു. എൺപതുകളുടെ അവസാനം വരെ സിനിമകളിൽ സജീവമായിരുന്നു അദ്ദേഹം.
2005-മുതലാണ് ജി.കെ പിള്ള ടെലിവിഷൻ പരമ്പരകളിൽ അഭിനയിക്കാൻ തുടങ്ങിയത്. കടമറ്റത്തു കത്തനാർ ആയിരുന്നു ആദ്യ സീരിയൽ. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത കുങ്കുമപ്പൂവ് എന്ന സീരിയലിലെ കഥാപാത്രം കുടുംബപ്രേക്ഷകർക്കിടയിൽ അദ്ദേഹത്തെ പ്രിയങ്കരനാക്കി. പിന്നീടും നിരവധി സീരിയലുകളിൽ സുപ്രധാന വേഷം ചെയ്തു.
ഭാര്യ പരേതയായ ഉത്പലാക്ഷിയമ്മ. മക്കൾ – പ്രതാപചന്ദ്രൻ, ശ്രീകല ആർ നായർ, ശ്രീലേഖ മോഹൻ, ശ്രീകുമാരി ബി പിള്ള, ചന്ദ്രമോഹൻ, പ്രിയദർശൻ.