0

ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ വിധു വിന്‍സെന്റ്. ‘‘രഞ്ജിത് , നിങ്ങളെയോർത്ത് ലജ്ജിക്കുന്നു’’ എന്ന് വിധു സമൂഹമാധ്യമത്തില്‍ കുറിച്ചു. ചലച്ചിത്രമേളയിലെ ആൾക്കൂട്ട പ്രതിഷേധം നായ്ക്കൾ കുരയ്ക്കുന്നത് പോലെയാണെന്ന രഞ്ജിത്തിന്റെ പ്രസ്താവന പങ്കുവച്ചായിരുന്നു വിധു പ്രതിഷേധം അറിയിച്ചത്.

രഞ്ജിത് കേരളത്തോട് മാപ്പ് പറയണമെന്ന് ഷാഫി പറമ്പിൽ എംഎൽഎ പ്രതികരിച്ചു. പഴയ എസ്എഫ്ഐ ലേബലിന്റെ കൂട്ടു പിടിച്ച് രക്ഷപ്പെടുവാൻ കസേര വലിച്ചിട്ടിരിക്കുന്നത് അവനവന്റെ തറവാട്ട് മുറ്റത്തല്ലെന്നും രഞ്ജിത് കേരളത്തോട് മാപ്പ് പറയുവാൻ തയാറായില്ലെങ്കിൽ ആ പദവിയിൽനിന്ന് പുറത്താക്കാൻ സാംസ്കാരിക മന്ത്രി തയാറുണ്ടോ എന്നും ഷാഫി ചോദിക്കുന്നു.

ഉപമയൊക്കെ കൊള്ളാം രഞ്ജിത് സാറേ, പക്ഷേ കാര്യസ്ഥന്റെ നായ കുരയ്ക്കുന്നതിനു സമാനമായി ചെറുപ്പക്കാരുടെ പ്രതിഷേധത്തെ കാണുന്ന മാടമ്പിത്തരത്തിന് തലകുനിക്കാൻ കേരളത്തെ കിട്ടില്ല. തോന്ന്യവാസം വിളിച്ച് പറഞ്ഞിട്ട് പഴയ എസ്എഫ്ഐ ലേബലിന്റെ കൂട്ട് പിടിച്ച് രക്ഷപ്പെടുവാൻ കസേര വലിച്ചിട്ടിരിക്കുന്നത് അവനവന്റെ തറവാട്ട് മുറ്റത്തല്ല, ജനങ്ങളുടെ നികുതിപ്പണം കൊണ്ട് സംഘടിപ്പിക്കുന്ന മേളയുടെയും അക്കാദമിയുടെയും അധ്യക്ഷ പദവിയിലാണെന്ന് ഓർമ വേണം. രഞ്ജിത് കേരളത്തോട് മാപ്പ് പറയുവാൻ തയാറായില്ലെങ്കിൽ ആ പദവിയിൽനിന്ന് പുറത്താക്കാൻ സാംസ്കാരിക മന്ത്രി തയാറുണ്ടോ? ഓ നിങ്ങളും പഴയ എസ്എഫ്ഐ ആണല്ലോ… അരാജകത്വത്തിന് ചൂട്ട് പിടിക്കാനുള്ള ലൈസൻസ് ആണ് പഴയ എസ്എഫ്ഐ എന്ന് അടിവരയിടാൻ രഞ്ജിത്തും ശ്രമിക്കുന്നു. അതിനെ തള്ളി പറയാൻ തയാറാവാത്ത പഴയതും പുതിയതുമായ എല്ലാവർക്കും അഭിവാദ്യങ്ങൾ.’’–ഷാഫി പറമ്പില്‍ പറഞ്ഞു.