ലണ്ടന്‍: ബ്രിട്ടണിൽ നിന്ന് ഇന്ത്യയിലേക്ക് തിരികെ അയക്കാനുള്ള നീക്കത്തിനെതിരെ ലണ്ടന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി കോടികളുടെ വായ്പയെടുത്ത് രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യ. ചൊവ്വാഴ്ചയാണ് റോയല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസില്‍ മല്യ അപ്പീല്‍ നല്‍കിയത്.
തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കേസുകളുമായി ബന്ധപ്പെട്ടാണ് മല്യയെ ഇന്ത്യക്ക് കൈമാറുന്നത്. മജിസ്ട്രേറ്റ് കോടതി വിധിയിൽ പിഴവുകൾ ഉണ്ടെന്ന് കാട്ടിയാണ് മല്യ അപ്പീൽ നൽകിയത്. 2017 ഫെബ്രുവരിയിലാണ് സാമ്പത്തിക തട്ടിപ്പ് കേസ് പ്രതിയായ വിജയ് മല്യയെ വിട്ടുനൽകണമെന്ന് ഇന്ത്യ ഔദ്യോഗികമായി ബ്രിട്ടണോട് ആവശ്യപ്പെട്ടത്.
മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവില്‍ ഒന്നിലധികം തെറ്റുകളുണ്ടെന്ന് മല്യയുടെ അഭിഭാഷകര്‍ ആരോപിച്ചു. കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള എല്ലാ തെളിവുകളും കണക്കിലെടുക്കാത്തതിനാല്‍ ജഡ്ജി എമ്മ അര്‍ബുത്‌നോട്ടിന്റെ 2018 ലെ കൈമാറല്‍ വിധിയില്‍ ”ഒന്നിലധികം പിശകുകള്‍” ഉണ്ടെന്നാണ് മല്യയുടെ അഭിഭാഷകന്‍ ക്ലെയര്‍ മോണ്ട്‌ഗോമറി പറഞ്ഞത്.
ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന കീഴ്‌ക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ വിജയ് മല്യ ചൊവ്വാഴ്ച ലണ്ടനിലെ റോയൽ ഹൈക്കോടതിയിലെത്തി. ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് 9,000 കോടി രൂപയുടെ വായ്പയെടുത്ത് രാജ്യം വിട്ട മല്യ ബ്രിട്ടനിൽ അറസ്റ്റിലായതിന് പിന്നാലെത്തന്നെ ജാമ്യത്തിലിറങ്ങിയിരുന്നു. മല്യയെ ഇന്ത്യക്ക് കൈമാറണമെന്ന മജിസ്ട്രേറ്റ് കോടതി വിധിക്കെതിരേ അപ്പീൽ നൽകാൻ നേരത്തേ കോടതി അനുമതി നൽകിയിരുന്നു. അപ്പീലിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ചവരെ റോയൽ ഹൈക്കോടതി വാദം കേൾക്കും.