ചില വൈല്‍ഡ് ലൈഫ് ചിത്രങ്ങള്‍ അങ്ങനെയാണ്. സോഷ്യല്‍ മീഡിയയില്‍ അവ വല്ലാതെ അങ്ങ് ഹിറ്റാകും. ഒപ്പം ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫറും. അത്തരം ഒരു ഫോട്ടോയാണ് കഴിഞ്ഞ ദിവസം ശ്രീലങ്കയിലെ യാല ദേശീയ പാര്‍ക്കില്‍ നിന്നും ഫൊട്ടോഗ്രാഫറായ റിഷാനി ഗുണസിംഗെയ്ക്ക് ലഭിച്ചത്.
കൂറ്റന്‍ മുതലയുമായി ഏറ്റുമുട്ടുന്ന പാമ്പിന്റെ ചിത്രങ്ങളാണ് ഇത്തരത്തില്‍ വൈറലായത്. സാധാരണ പെരുമ്പാമ്പും മുതലകളും തമ്മില്‍ പോരാട്ടം നടക്കാറുണ്ട്. എന്നാല്‍ ഇത് അങ്ങനെയായിരുന്നില്ല. മുതലയുമായി ഏറ്റുമുട്ടുന്ന പാമ്പിന്റെ ശരീരത്തിലുള്ള തവിട്ട് നിറത്തിലുള്ള വലിയ പാടുകളാണ് റിഷാനി ആദ്യം ശ്രദ്ധിച്ചത്. പെരുമ്പാമ്പുകളുടെ ദേഹത്തു കാണപ്പെടുന്ന പാടുകളേക്കാള്‍ വ്യതസ്തമായിരുന്നു ആ പാടുകള്‍. വൈകാതെ പോരാട്ടത്തിന്റെ കൂടുതൽ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പമ്പിന്റെ കൂര്‍ത്ത രണ്ട് പല്ലുകളും ശ്രദ്ധയില്‍ പെട്ടു. ഇതോടെയാണ് മുതല ഏറ്റുമുട്ടിയത് പെരുമ്പാമ്പിനോടല്ല അസാധാരണ വലിപ്പമുള്ള അണലിയോടാണെന്ന് തിരിച്ചറിഞ്ഞത്.
എന്നാല്‍ പെരുമ്പാമ്പിനെ പോലെ അണലിക്ക് മുതലയുടെ മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല. ഉഗ്രവിഷം ഉണ്ടായിട്ടും അണലിയെ മുതല കടിച്ചു കീറി. ഏതായാലും അണലിയുടെ അസാധാരണ വലിപ്പമാണ് റിഷാനിയെയും പാര്‍ക്കിലെ വനപാലകരെയും അത്ഭുതപ്പെടുത്തുന്നത്. പക്ഷെ തല്‍ക്കാലം മുതല വിജയിച്ചെങ്കിലും ഉഗ്രവിഷമുള്ള അണലിയുടെ കടി പലവട്ടമേറ്റ മുതലയുടെ കാര്യത്തെ പറ്റി പിന്നെ ആര്‍ക്കും വിവരമില്ല.