അടിയന്തരമായി നിലത്തിറക്കേണ്ടി വന്ന വിമാനത്തിന് മുന്‍ചക്രങ്ങളില്ലാതെ സുരക്ഷിതമായ ലാന്‍ഡിങ്. ചൈനയിലെ ഷെഹന്‍ഷെന്‍ വിമാനത്താവളത്തിലാണ് മക്കാവുവില്‍ നിന്നും തിരിച്ചുവിട്ട വിമാനം മുന്‍ചക്രങ്ങളില്ലാതെ ലാന്‍ഡ് ചെയ്തത്. ക്യാപിറ്റല്‍ എയര്‍ലൈന്‍സിന്റെ ഉടമസ്ഥതയിലുള്ളതാണ് എ320 വിമാനം.
157 യാത്രക്കാരെയും ഒന്‍പത് ജീവനക്കാരെയും വഹിച്ചു കൊണ്ടുള്ള വിമാനം ബെയ്ജിങില്‍ നിന്നുമാണ് മക്കാവു ലക്ഷ്യമാക്കി പറന്നുയര്‍ന്നത്. മക്കാവുവിലെ മോശം കാലവാസ്ഥയെ അതിജീവിച്ച് നിലത്തിറക്കാനുള്ള ശ്രമത്തിനിടെ മുന്‍വശത്തെ ലാന്‍ഡിങ് ഗിയറിന് കേടുപാടു പറ്റിയതോടെ ഗതിമാറ്റി ഷെഹന്‍ഷെനില്‍ ഇറക്കാന്‍ പൈലറ്റുമാര്‍ തീരുമാനിക്കുകയായിരുന്നു.
മക്കാവുവിലെ ലാന്‍ഡിങ് ശ്രമം പരാജയപ്പെട്ടതിനു തൊട്ടുപിന്നാലെ വിമാനത്തിന്റെ ഇടതു എന്‍ജിനും വിനിമയ സംവിധാനത്തിനും തകരാറ് കണ്ടു തുടങ്ങി. സാഹസിക ലാന്‍ഡിങിനിടെ അഞ്ചു യാത്രക്കാര്‍ക്ക് നിസാര പരിക്കേറ്റു. ജീവിതത്തിനും മരണത്തിനുമിടയിലൂടെയാണ് കടന്നു പോയതെന്ന് യാത്രക്കാരിലൊരാള്‍ പറഞ്ഞു. ഒരു റണ്‍വേ മൂന്നു മണിക്കൂറോളം അടച്ചിട്ടാണ് വിമാനത്തിന് സുരക്ഷിതമായി നിലത്തിറങ്ങാന്‍ അവസരമൊരുക്കിയത്.