ന്യൂഡല്‍ഹി: രണ്ടാം ക്ലാസുകാരനെ സ്‌കൂള്‍ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്ന് തലകീഴാക്കി പിടിച്ച് അധ്യാപകന്റെ ക്രൂരത. ഉത്തര്‍പ്രദേശിലെ മിര്‍സാപൂരിലാണണ് ഞെട്ടിപ്പിക്കുന്ന സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് പോലീസ് അധ്യാപകനെ അറസ്റ്റ് ചെയ്തു.
സ്വകാര്യ സ്‌കൂളായ സദ്ഭവന്‍ ശിക്ഷന്‍ സന്‍സ്തന്‍ ജൂനിയര്‍ സ്‌കൂള്‍ പ്രധാന അധ്യാപകന്‍ മനോജ് വിശ്വകര്‍മയാണ് അറസ്റ്റിലായത്. മറ്റ് കുട്ടികള്‍ നോക്കി നില്‍ക്കെയാണ് അധ്യാപകന്റെ നടപടി. മാപ്പ് പറഞ്ഞില്ലെങ്കില്‍ താഴേക്ക് ഇടുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തുന്നുണ്ട്.
വിദ്യാര്‍ഥി നിലവിളിച്ചുകൊണ്ട് മാപ്പ് പറഞ്ഞ ശേഷമാണ് ഇയാള്‍ കുട്ടിയെ നിലത്തിറക്കിയത്. സംഭവത്തില്‍ സാമൂഹിക മാധ്യങ്ങളില്‍ കടുത്ത വിമര്‍ശനമാണ് അധ്യാപകന് നേരെ ഉയര്‍ന്നത്. പക്ഷെ കുട്ടിയുടെ അച്ഛന്‍ അധ്യാപകനെ ന്യായീകരിച്ച് രംഗത്തെത്തി. അധ്യാപകന്‍ വിദ്യാര്‍ഥിയോടുള്ള സ്‌നേഹം കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് അച്ഛന്‍ രഞ്ജിത്ത് യാദവ് ദേശീയ മാധ്യമത്തോട് പറഞ്ഞു. കുട്ടി വികൃതി കാണിച്ചെന്നും തിരുത്താന്‍ വേണ്ടിയാണ് അങ്ങനെ ഭയപ്പെടുത്തിയതെന്നും അധ്യാപകന്‍ പറഞ്ഞു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് അധ്യാപകനെതിരെ കേസെടുത്തിരിക്കുന്നത്.