ട്വന്റി 20 ലോകകപ്പിനുശേഷം ക്യാപ്റ്റന്‍ സ്ഥാനം ഒഴിയും: വിരാട് കോലി

0

ദുബായ്: യുഎഇയില്‍ അടുത്തമാസം ആരംഭിക്കുന്ന ടി20 ലോകകപ്പിനുശേഷം ടി20 ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി. ജോലിഭാരം കണക്കിലെടുത്താണ് ടി20 നായകസ്ഥാനം ഒഴിയുന്നതെന്നും ഏകദിനങ്ങളിലും ടെസ്റ്റിലും ക്യാപ്റ്റനായി തുടരുമെന്നും കോലി വ്യക്തമാക്കി.

ഒരുപാട് സമയമെടുത്താണ് ഈ ഒരു തീരുമാനമെടുത്തത്. അതിനുമുമ്പ് ടീം നേതൃത്വത്തിന്റെ ഭാഗമായ രവി ശാസ്ത്രിയുമായും രോഹിത് ശർമയുമായും കൂടിയാലോചിച്ചിരുന്നു. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെയും സെക്രട്ടറി ജയ് ഷായെയും സെലക്ടർമാരെയും ഈ തീരുമാനം അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ ടീമിനായിതുടർന്നും കഴിവിന്റെ പരമാവധി പുറത്തെടുക്കുമെന്നും കോലി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു.

ടി20 ക്യാപ്റ്റനെന്ന നിലയില്‍ കഴിവിന്‍റെ പരമാവധി ടീമിന് നല്‍കാന്‍ ശ്രമിച്ചിട്ടുണ്ട്. ഒരു ബാറ്റ്സ്മാനെന്ന നിലയില്‍ ടി20യില്‍ തുടര്‍ന്നും ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എം എസ് ധോണി നായകസ്ഥാനം ഒഴിഞ്ഞ ശേഷം ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത വിരാട് കോലി 45 ട്വന്റി 20 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ചിട്ടുണ്ട്. 27 ജയങ്ങൾ സ്വന്തമാക്കി. 14 മത്സരങ്ങൾ തോറ്റു. കരിയറിൽ 89 ട്വന്റി 20 മത്സരങ്ങൾ ഇന്ത്യൻ കുപ്പായത്തിൽ കളിച്ചിട്ടുള്ള കോലി 52.65 ശരാശരിയിൽ 3159 റൺസ് നേടിയിട്ടുണ്ട്.