വിസ്മയ കേസ്: കിരണിന് വേണ്ടി കോടതിയില്‍ ഹാജരായത് ബി.എ.ആളൂർ

0

ശാസ്താംകോട്ട(കൊല്ലം): നിലമേല്‍ കൈതോട് സ്വദേശിനി വിസ്മയ വി.നായരുടെ തൂങ്ങിമരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ ഭർത്താവ് എസ്.കിരൺകുമാറിന്റെ ജാമ്യാപേക്ഷയിൽ ശാസ്താംകോട്ട ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി 5നു വിധി പറയും. ബി.എ.ആളൂരാണ് കിരണിനുവേണ്ടി വാദിക്കാനെത്തിയത്.

വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെയാണ് ശാസ്താംകോട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ പരിഗണിച്ചത്. തുടര്‍ന്ന് വാദം കേള്‍ക്കുന്നതിനായി കേസ് 12 മണിയിലേക്കുമാറ്റി. ആളൂര്‍ എഴുതിത്തയ്യാറാക്കിയ അപേക്ഷ വായിക്കുകയായിരുന്നു.

കിരൺ സമർപ്പിച്ച ജാമ്യഹർജിയെ പ്രോസിക്യൂഷൻ എതിർത്തു. വിസ്മയയുടെ മരണത്തിൽ കിരണിനു പങ്കില്ലെന്ന കുടുംബത്തിന്റെ നിലപാട് തന്നെയാണ് ജാമ്യഹർജിയിലും ആവർത്തിച്ചത്. ഇതിനെയെല്ലാം എതിർത്ത അസി. പബ്ലിക് പ്രോസിക്യൂട്ടർ കാവ്യാ നായർ, കേസിന്റെ അന്വേഷണം ഗൗരവമായി നടക്കുകയാണെന്നും ഈ ഘട്ടത്തിൽ ജാമ്യം നൽകിയാൽ അന്വേഷണത്തെ ബാധിക്കുമെന്നും വാദിച്ചു.

കിരണ്‍കുമാര്‍ അറിയപ്പെടുന്ന ഉദ്യോഗസ്ഥനാണെന്നും ഇത്രയും കാലത്തിനിടയില്‍ ഒരു കേസിലും പ്രതി ചേര്‍ക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വാദിച്ചു. പോലീസ് മനഃപൂപൂര്‍വം കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണ്. സമാനമായ പല ആത്മഹത്യകളുണ്ടായിട്ടുണ്ടെങ്കിലും ഇത്രയും ശുഷ്‌കാന്തി പോലീസ് കാണിച്ചിട്ടില്ല. ഈ കേസില്‍ പോലീസ് കാണിക്കുന്നത് അമിതാവേശമാണ്. സ്ത്രീധനപീഡനം (498 എ.) വകുപ്പ് ചുമത്താവുന്ന കുറ്റമാണെന്നും ആളൂര്‍ വാദിച്ചു.

കിരൺ കുമാറിനെ കസ്റ്റഡിയില്‍ വാങ്ങിയെങ്കിലും പ്രതിക്ക് കോവിഡ് ബാധിച്ചതിനാല്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. രോഗം മാറുന്നതനുസരിച്ച് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതിനാല്‍ ജാമ്യം നല്‍കരുതെന്നും എ.പി.പി. വാദിച്ചു. വാദം കേട്ട ശേഷം കേസ് പരിഗണിക്കുന്നത് അഞ്ചിലേക്ക് മാറ്റിയതായി മജിസ്ട്രേറ്റ് എ.ഹാഷിം ഉത്തരവായി.