വിസ്മയ മോഹൻലാൽ വീണ്ടുമെത്തുന്നു
'ഉയരെ', 'ജാനകി ജാനേ' എന്നീ ചിത്രങ്ങൾക്ക് ശേഷം എസ് ക്യൂബ് ഫിലിംസിന്‍റെ ബാനറിൽ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവർ ചേർന്ന് നിർമിക്കുന്ന മൂന്നാമത്തെ ചിത്രം അണിയറയിലൊരുങ്ങുന്നു. 'തുടക്കം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ വിസ്മയ മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് 'ലൂക്ക'യിലൂടെ ശ്രദ്ധ നേടിയ അരുൺ ബോസാണ്.സിനിമകൾ സ്ട്രീം ചെയ്യുക
രത്തീന, സുഹാസ്, ഷറഫു എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ രചന നിർവഹിക്കുന്നത്. 'വരത്തൻ', 'വൈറസ്', 'റൈഫിൾ ക്ലബ്' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയരായ എഴുത്തുകാരാണ് സുഹാസും ഷറഫുവും. വ്യത്യസ്തമായ പ്രമേയവും പുതുമയാർന്ന അവതരണവും ചേർന്ന ഒരു സിനിമാനുഭവമായിരിക്കും ചിത്രമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
സാമുവൽ ഹെൻറി ഛായാഗ്രഹണവും മഹേഷ് ഭുവനേന്ദ് ചിത്രസംയോജനവും നിർവഹിക്കുന്നു. ഹിഷാം അബ്ദുൾ വഹാബാണ് സംഗീതം. ആഷിഖ് എസ് പ്രൊഡക്ഷൻ ഡിസൈനറും സമീറ സനീഷ് വസ്ത്രാലങ്കാരവും നിർവഹിക്കുന്നു.
ശ്രീനാഥ് പി. എസ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും സജി സി ജോസഫ് പ്രൊഡക്ഷൻ കൺട്രോളറുമാണ്. യെല്ലോടൂത്ത്സ് പബ്ലിസിറ്റി ഡിസൈൻസും സ്നേക്ക്പ്ലാന്‍റ് എൽ.എൽ.പി മാർക്കറ്റിംഗും നിർവഹിക്കുന്നു.
പ്രമുഖ താരങ്ങളും മലയാള സിനിമയിലെ ശ്രദ്ധേയരായ സാങ്കേതിക പ്രവർത്തകരും അണിനിരക്കുന്ന ചിത്രത്തിന്‍റെ പൂജയും ചിത്രീകരണവും ഉടൻ ആരംഭിക്കും. പി.ആർ.ഒ അപർണ ഗിരീഷ്.