ടെഹ്‌റാൻ: ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ‘സ്റ്റെന ഇംപറോ’യുടെ ദൃശ്യങ്ങള്‍ പുറത്ത്. ദൃശ്യങ്ങളില്‍ മലയാളികൾ ഉള്‍പ്പെടെയുള്ള കപ്പലിലെ ജീവനക്കാരുമുണ്ട്. റോയിട്ടേഴ്‌സ് ആണ് ചിത്രങ്ങൾ പുറത്തുവിട്ടത്. ജീവനക്കാര്‍ കപ്പലിനകത്തിരുന്ന് സംസാരിക്കുന്നതും ജോലി ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. കൊച്ചി സ്വദേശി ഡിജോ പാപ്പച്ചന്‍ അടക്കമുള്ളവരെ ദൃശ്യങ്ങളില്‍ കാണാം. കപ്പലിലുള്ള 23 ജീവനക്കാരില്‍ 18ഇന്ത്യക്കാരാണുള്ളത്. മൂന്നുമലയാളികള്‍ കപ്പലിലുണ്ടെന്നാണ് കരുതുന്നത്.
കപ്പലിലുള്ള 23 ജീവനക്കാരെയും കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാന് കപ്പല്‍ കമ്പനി അധികൃതര്‍. ബ്രിട്ടന്‍റെ എണ്ണ കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തിട്ട് ഇത് നാലാം ദിവസമാണ്. ഇന്നാണ് കപ്പലിലുള്ളവരുടെ ദൃശ്യങ്ങൾ പുറത്തുവിട്ടത്.
എറണാകുളം സ്വദേശി ഡിജോ പാപ്പച്ചന്‍ കപ്പലിലുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ മറ്റ് രണ്ടുപേരുടെ കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. ഹോർമുസ് കടലിടുക്കിൽ വച്ചാണ് 18 ഇന്ത്യക്കാർ ഉൾപ്പെടെ 23 ജീവനക്കാരടങ്ങിയ ബ്രിട്ടിഷ് എണ്ണക്കപ്പൽ ഇറാൻ പിടിച്ചെടുത്തത്.
സ്വീഡിഷ് കമ്പനിയായ സ്റ്റെനാ ബൾക് ബ്രിട്ടനിൽ റജിസ്റ്റർ ചെയ്ത സ്റ്റെന ഇംപറോ എണ്ണക്കപ്പൽ വെള്ളിയാഴ്ചയാണ് രാജ്യാന്തര സമുദ്രഗതാഗത നിയമങ്ങൾ തെറ്റിച്ചെന്ന് ആരോപിച്ച് ഇറാൻ സേനാവിഭാഗമായ റവല്യൂഷനറി ഗാർഡ്സ് കപ്പൽ പിടിച്ചെടുത്തത്.