കോവളം ∙ ലോക റെക്കോർഡ് ലക്ഷ്യമിട്ട് പണിത വിശ്വരൂപ ശിൽപം പൂർത്തിയായി. ഏതാനും ദിവസങ്ങൾക്കുള്ളിൽ ശിൽപം നടൻ മോഹൻലാലിന്റെ വീടിന്റെ അലങ്കാരമാകും. കോവളം ക്രാഫ്റ്റ് വില്ലേജിൽ 12 അടി ഉയരത്തിൽ തടിയിൽ തയാറാക്കിയ ശിൽപത്തിന്റെ ഒരു വശത്ത് 11 മുഖമുള്ള വിശ്വരൂപവും മറുവശത്ത് പാഞ്ചജന്യം മുഴക്കുന്ന കൃഷ്ണനും ചുറ്റും ദശാവതാരവും കൊത്തിയെടുത്തിരിക്കുന്നു. വെള്ളാറിലെ കലാഗ്രാമമായ ക്രാഫ്റ്റ് വില്ലേജിൽ വെള്ളാർ നാഗപ്പനും മറ്റ് 8 ശിൽപികളുമുൾപ്പെട്ട സംഘത്തിന്റെ മൂന്നര വർഷത്തെ ശ്രമമാണ് വിശ്വരൂപം.
വിശ്വരൂപത്തിനു താഴെ ഗീതോപദേശവും ചൂതാട്ടവും പിന്നിലായി ശരശയ്യയിലെ ഭീഷ്മരും പാഞ്ചാലി വസ്ത്രാക്ഷേപവുമെല്ലാം ശിൽപചാരുതയോടെ കാണാം. കാളിയമർദനവും കൃഷ്ണനും ഗോപികമാരും രൂപകൽപനയിൽ അടങ്ങിയിരിക്കുന്നു.
‘ശിൽപ പീഠത്തിൽ 400 ഓളം കഥാപാത്രങ്ങളുണ്ട്. 3 വർഷം മുൻപ് 6 അടിയിൽ നിർമിച്ച വിശ്വരൂപം നടൻ മോഹൻലാൽ വാങ്ങിയിരുന്നു. നടന്റെ നിർദേശാനുസരണമാണ് 12 അടിയിലെ വിശ്വരൂപം പണിതതെന്ന് നാഗപ്പൻ പറഞ്ഞു. രാധാകൃഷ്ണൻ, രാമചന്ദ്രൻ, പീഠം വിജയൻ, സജി, ഭാഗ്യരാജ്, സോമൻ, ശിവാനന്ദൻ, കുമാർ എന്നിവരാണ് മറ്റ് ശിൽപികൾ. അടുത്ത മാസം ആദ്യം ശിൽപം മോഹൻ ലാലിന്റെ ചെന്നൈയിലെ വീട്ടിൽ എത്തിക്കുമെന്ന് നാഗപ്പൻ പറഞ്ഞു.