വോഗ് ഫാഷന്‍ മാഗസിന്‍ കവറില്‍ മലാല യൂസഫ്‌സായ്

1

വോഗ് ഫാഷന്‍ മാഗസിന്റെ ബ്രിട്ടീഷ് എഡിഷനില്‍ കവര്‍ ഗേളായി ആക്ടിവിസ്റ്റും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ മലാല യൂസഫ്‌സായ്. മലാലയുടെ മൂന്ന് മനോഹരമായ ചിത്രങ്ങളാണ് മാഗസീനിലുള്ളത്. വെള്ള നിറത്തിലും ചുവപ്പ് നിറത്തിലുമുള്ള വസ്ത്രങ്ങളില്‍ മലാല ഫോട്ടോകളില്‍ പ്രത്യക്ഷപ്പെട്ടു.

ദീര്‍ഘ വീക്ഷണം ഉള്ളൊരു പെണ്‍കുട്ടി ഹൃദയത്തില്‍ കരുതുന്ന ശക്തി തനിക്ക് അറിയാം. ഈ കവര്‍ ഫോട്ടോ കാണുന്ന എല്ലാ പെണ്‍കുട്ടികളും ഈ ലോകത്തെ മാറ്റി മറിക്കാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്ന് മനസിലാക്കണമെന്ന് മലാല ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

മലാലയുമായുള്ള അഭിമുഖവും മാഗസിനിലുണ്ട്. ബ്രിട്ടനില്‍ എത്തിയ താന്‍ എന്തിലും സന്തോഷം കണ്ടെത്തിയിരുന്നുവെന്നും മക്‌ഡോണാള്‍ഡ്‌സില്‍ പോകുന്നതും പോക്കര്‍ കളിക്കുന്നത് പോലും സന്തോഷം ഉളവാക്കിയിരുന്നുവെന്നും മലാല പറയുന്നു. സ്ത്രീകളുടെ വിദ്യാഭ്യാസത്തെ കുറിച്ചും പാകിസ്താനിലെ ജീവിതത്തിനെ കുറിച്ചും അവര്‍ സംസാരിക്കുന്നുണ്ട്.

പത്ത് വര്‍ഷമായി പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പോരാടുകയാണ് മലാല യൂസഫ്‌സായ്. ഓക്‌സഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയിട്ടുണ്ട് ഈ ആക്ടിവിസ്റ്റ്. നൊബേല്‍ സമ്മാനം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് 23കാരി. 17ാം വയസിലാണ് മലാലയ്ക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചത്.