ഒരു ഗ്രാമം തന്നെ വെണ്ണീറാകുക എന്ന് പറഞ്ഞ അവസ്ഥയാണ് ഗ്വാട്ടിമാലയിലെ ഫ്യൂഗോ അഗ്നിപര്‍വ്വത സ്‌ഫോടനത്തിനു ശേഷമുള്ള സ്ഥിതിഗതികള്‍. ഇവിടെ താഴ്‌വാരത്തെ സാന്‍ മിഗ്വല്‍ ലോസ് ലോട്ടസ് ഗ്രാമം മുഴുവന്‍ ലാവയില്‍ പെട്ട് വെന്തുരുകി പോയിരുന്നു. സ്‌ഫോടനത്തിന്റെ ഭാഗമായി പുറത്തുവന്ന വാതകം ശ്വസിച്ചുംലാവയില്‍ പെട്ട് വെന്തുരുകിയും നിരവധി പേരാണ് മരിച്ചത്. സ്‌ഫോടനത്തെ തുടര്‍ന്ന് അന്തരീക്ഷത്തില്‍ താപനില ക്രമാതീതമായി ഉയര്‍ന്നു. മദ്ധ്യ അമേരിക്കയിലെ ഏറ്റവും സജീവമായ അഗ്നിപര്‍വ്വതമായിരുന്നു ഫ്യൂഗോ.
ഇപ്പോള്‍ ഇവിടെ ശേഷിക്കുന്നത് ചാരംമൂടി പ്രതിമകള്‍ ചിതറിക്കിടക്കുന്ന പോലെ മൃതദേഹങ്ങളും മേല്‍ക്കൂര വരെ ചെളിമൂടിയ വീടുകളും മാത്രമാണ്. നാലു ദശകത്തിനിടയിലെ ഏറ്റവും വലിയ അഗ്നിപര്‍വ്വത സ്‌ഫോടനമാണ് ഇവിടെ നടന്നത്. പ്രദേശം മുഴുവന്‍ പുകപടലം മൂടിയിരിക്കുയാണ്. ചെടികളും മരങ്ങളും ചാര നിറത്തിലാണ്. തെരുവുകളും കാറുകളും ജനങ്ങളെയുമെല്ലാം ചാരംമൂടി. ലാവ വിഴുങ്ങിയ എല്‍ റോഡിയോയിലെ തവിട്ടു നിറത്തിലെ ചെളിയില്‍ നിന്നും മൃതദേഹങ്ങള്‍ വലിച്ചു മാറ്റുന്ന ജോലിയിലാണ് ദുരന്തനിവാരണസേനയ്ക്ക് .ചൂടുലാവാ പ്രവാഹത്തില്‍ പെട്ട് മരിച്ചവരുടെ ശരീരഭാഗങ്ങള്‍ക്ക് കേടുപാടു പറ്റിയത് മൂലമാണ് മിക്ക മൃതദേഹങ്ങളും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലായത്. വിരലടയാളം പോലും നഷ്ടമായതിനാല്‍ തിരിച്ചറിയല്‍ ജോലി കൂടുതല്‍ ദുഷ്‌ക്കരമാക്കിയെന്ന് ഫോറന്‍സിക് വിദഗ്ദ്ധരും പറയുന്നു.
1.7 ദശലക്ഷം പേരെയാണ് ലാവാപ്രവാഹം ബാധിച്ചത്. ഗ്വാട്ടിമാല നഗരത്തെ മാത്രമല്ല. പ്രമുഖ ടൂറിസം മേഖലയായ ആന്റിഗ്വയിലെ സക്കാടെപെക്വസ്, ചിമാള്‍ട്ടെനാംഗോ, എസ്‌ക്വിന്റിലാ എന്നിവിടങ്ങളിലും ഈ ദുരന്തം നാശം വിതച്ചിട്ടുണ്ട്. സ്‌ഫോടനത്തെ തുടര്‍ന്ന് ഗ്വാട്ടിമാല തീരത്ത് 5.2 രേഖപ്പെടുത്തിയ ഭൂചലനവുമുണ്ടായി.