ത്രിപുരയിൽ വോട്ടെടുപ്പ് അവസാനിച്ചു; രേഖപ്പെടുത്തിയത് മികച്ച പോളിങ്

0

ഡൽഹി: ത്രിപുര നിയമസഭ തെരഞ്ഞെടുപ്പില്‍ മികച്ച പോളിങ്. ഔദ്യോഗിക വോട്ടിംഗ് ശതമാനം അവസാനിച്ചപ്പോൾ നാലുമണിവരെ ത്രിപുരയിൽ 81 ശതമാനം പോളിങ് രേഖപ്പെടുത്തി. വോട്ടെടുപ്പിനിടെ ചിലയിടങ്ങളിൽ സംഘ‍ർഷമുണ്ടായി. ഇതിനിടെ പ്രധാന പാര്‍ട്ടികളിലെ നേതാക്കള്‍ താനുമായി സംസാരിച്ചെന്ന് തിപ്ര മോത പാർട്ടി അദ്ധ്യക്ഷൻ പ്രത്യുദ് ദേബ് ബർമൻ വെളിപ്പെടുത്തി.

ബിജെപിയും, സിപിഎം കോണ്‍ഗ്രസ് സഖ്യവും തിപ്ര മോതയും പ്രചാരണത്തിൽ കാണിച്ച മത്സരം തെരഞ്ഞെടുപ്പ് ദിനത്തിലും പ്രതിഫലിച്ചു. പരമാവധി വോട്ടർമാരെ ബൂത്തിലെത്തിക്കാനുള്ള ശ്രമം എല്ലാ പാര്‍ട്ടികളും നടത്തി. ഇന്നലെ തുടങ്ങിയ സംഘർഷം ചില സ്ഥലങ്ങളിൽ വോട്ടെടുപ്പ് ദിനത്തിലും തുടര്‍ന്നു. ശാന്തിർബസാർ, ധൻപൂര്‍, ഹൃഷ്യാമുഖ്,ബെലൂനിയ തുടങ്ങിയിടങ്ങളില്‍ ബിജെപി സിപിഎം പ്രവർത്തകർ ഏറ്റുമുട്ടി. വോട്ടർമാരെ ബിജെപി വോട്ട് ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് സിപിഎം കോണ്‍ഗ്രസ് തിപ്ര മോത പാർട്ടികള്‍ കുറ്റപ്പെടുത്തി. വോട്ടെടുപ്പ് വൈകിപ്പിക്കാൻ ശ്രമമെന്നും ആരോപണം ഉയര്‍ന്നു.

എന്നാല്‍ ആരോപണങ്ങള്‍ തള്ളിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് അക്രമം കുറവായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി. കനത്ത സുരക്ഷയാണ് വോട്ടെടുപ്പിനായി ഒരുക്കിയിരുന്നത്. മുഖ്യമന്ത്രി മണിക് സാഹ , ബിജെപി അധ്യക്ഷൻ രാജിബ് ഭട്ടാചാർജി തുടങ്ങിയവർ അവരുടെ മണ്ഡലങ്ങളില്‍ വോട്ട് ചെയ്തു.

അമിത് ഷായും രാഹുല്‍ഗാന്ധിയും സീതാറാം യെച്ചൂരിയും തന്നോട് സംസാരിച്ചെന്ന് തിപ്രമോത പാര്‍ട്ടി നേതാവ് പ്രത്യുദ് ദേബ് ബർമൻ അവകാശപ്പെട്ടു. തൂക്കു നിയമസഭയെങ്കിൽ തിപ്ര മോതയുടെ നിലപാട് നിർണ്ണായകമാകും. കഴിഞ്ഞ തവണ 36 സീറ്റ് നേടിയാണ് ബിജെപി അധികാരം പിടിച്ചത്. ഒരു ശതമാനം മാത്രമുള്ള വോട്ട് വ്യത്യാസം കോണ്‍ഗ്രസ് ധാരണയിലൂടെ മറികടക്കാമെന്നാണ് ഇത്തവണ സിപിഎം പ്രതീക്ഷ.