ഇന്ത്യയും സിംഗപ്പൂരും തമ്മില്‍ ഒട്ടേറെ കാര്യങ്ങളില്‍ സാദൃശ്യം ഉണ്ട് . ധാരാളം ഇന്ത്യന്‍ വംശജര്‍ അധിവസിക്കുന്ന രാജ്യം കൂടിയാണ് സിംഗപ്പൂര്‍ .എന്നാല്‍ സ്ത്രീസുരക്ഷ എന്ന കാര്യത്തെപ്പറ്റി ഇന്ത്യയെയും സിംഗപ്പൂരിനെയും അറിയാവുന്ന ഒരാളോട് ചോദിച്ചാല്‍ കിട്ടുന്ന മറുപടി ഇതായിരിക്കും ,"സിംഗപ്പൂര്‍ വികസിതരാജ്യം അല്ലെ ?,അപ്പോള്‍ അവിടെ സ്ത്രീകളും സുരക്ഷിതര്‍ ആകുന്നതു സ്വാഭാവികം അല്ലെ ".ചിന്തിക്കേണ്ട വിഷയം തന്നെയാണ് .വികസിത രാജ്യം ആയാല്‍ സ്ത്രീകള്‍ സുരക്ഷിതര്‍ ആകുമോ ?.ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്ന സമയത്തെ വച്ച് നോക്കുമ്പോള്‍ വളരെ സാവധാനം ആണെങ്കിലും ഇന്ത്യയില്‍ വികസനം കടന്നുവന്നിട്ടുണ്ട് .എന്നാല്‍ അതോടൊപ്പം ഇന്ത്യയിലെ സ്ത്രീകള്‍ സമൂഹത്തില്‍ ജീവിക്കാന്‍ ഭയപ്പെട്ടു വരുന്നതായി ഓരോ വര്‍ഷവും നടക്കുന്ന പീഡനങ്ങള്‍ തെളിയിക്കുന്നു .അതായതു ഇന്ത്യ 2030-ഓടെ ചിലപ്പോള്‍ സിംഗപ്പൂരിനെ വരെ കടത്തി വെട്ടി ലോകത്തിന്‍റെ നെറുകയില്‍ എത്താം .എന്നാല്‍ സ്വഭാവികയും സ്ത്രീകളുടെ സുരക്ഷ അതോടൊപ്പം ഇല്ലാതാക്കുന്ന കാഴ്ച നമ്മള്‍ കാണേണ്ടി വരും .വികസനവും സ്ത്രീസുരക്ഷയും സമാന്തരമായി വളരേണ്ട ഒന്നാണ് .അതായതു വികസനം ഉണ്ടാകുമ്പോള്‍ സ്ത്രീകളുടെ സുരക്ഷയും വര്‍ദ്ധിക്കണം ,എന്തുകൊണ്ട് ഇന്ത്യയില്‍ അത് സംഭവിക്കുന്നില്ല എന്നത് ഏറെ അത്ഭുദം നല്‍കുന്ന വസ്തുതയാണ് .
സ്വന്തം വീട്ടില്‍ ആര്‍ക്കെങ്കിലും അസുഖം വന്നാല്‍ പോലും രാത്രി 7 മണി കഴിഞ്ഞാല്‍ അടുത്തുള്ള കടയില്‍ പോയി മരുന്ന് വാങ്ങാന്‍ മടിക്കുന്ന ഇന്ത്യന്‍ സ്ത്രീകള്‍ സിംഗപ്പൂരില്‍ വന്നു എനിക്ക് നൈറ്റ് ഷിഫ്റ്റ് ചെയ്യാനാണ് ഇഷ്ട്ടം എന്ന് ചങ്കൂറ്റത്തോടെ പറയുകയും ,ഇന്ത്യയില്‍ വച്ച് എന്ത് നെറികേടും ചെയ്യാന്‍ ധൈര്യമുള്ള ഡല്‍ഹി പീഡനകേസിലെ റാം സിങ്ങിനേപ്പോലെയുള്ളവര്‍ സിംഗപ്പൂരില്‍ വരുമ്പോള്‍ പൂച്ചയാകുന്നതും ഇന്ത്യയില്‍ നിന്ന് സിംഗപ്പോരിലേക്ക് ഉള്ള നാലഞ്ചു മണിക്കൂര്‍ യാത്രയില്‍ നടക്കുന്ന രൂപാന്തരണം ഒന്നുമല്ല .പിന്നെ എന്താണ് സ്ത്രീകള്‍ക്ക് ഇത്ര ധൈര്യം നല്‍കുകയും പുരുഷനെ ഭയപ്പെടുത്തുകയും ചെയ്യുന്ന സംഗതി ? ഒറ്റവാക്കില്‍ പറഞ്ഞാല്‍ 'നിയമം '.എന്താണ് നിയമം ?.വ്യവസ്ഥാപിത സമൂഹത്തിന്റെ സുസ്ഥിര നിലനില്പിനായി അതിലെ അംഗങ്ങളായ വ്യക്തികളുടെ സ്വഭാവം, പെരുമാറ്റം, പ്രവൃത്തി, സ്വാതന്ത്ര്യം, അവകാശം തുടങ്ങിയവയ്ക്കുമേല്‍ ബാധകമാക്കപ്പെടുന്ന നിയന്ത്രണം, അതിര്, വിലക്ക് എന്നിവയുടെ സമാഹാരമോ സംഹിതയോ സംഘാടനമോ ആണ് നിയമം.
അതായതു മനുഷ്യനെ മനുഷ്യരില്‍ നിന്ന് തന്നെ സുരക്ഷിതമാക്കാന്‍ നമ്മുക്ക് നിയമം വേണം .നിയമം ശക്തമായിരിക്കണം .നമുക്ക് അഭിമാനത്തോടെ പറയാം സിംഗപ്പൂര്‍ ഭരണഘടനാ ഉണ്ടാക്കുന്ന സമയത്ത് അവര്‍ ഏറ്റവും കൂടുതല്‍ പഠിച്ചത് ഇന്ത്യന്‍ ഭരണഘടനാ ആയിരുന്നു .അതാണ് അവര്‍ അവലംബിച്ചത് .പക്ഷെ ഒരു വ്യത്യാസം മാത്രം .കാലഹരണപ്പെട്ട ഇന്ത്യന്‍ ഭരണഘടന എന്ന വലയിലെ ഇടയ്ക്കുള്ള വന്‍ ദ്വാരങ്ങള്‍ അടച്ചു നിയമം ശക്തമാക്കാന്‍ അവര്‍ ശ്രദ്ധിച്ചു എന്നതാണ് ആ വ്യത്യാസം .അതാണ് അവരുടെ വിജയം .
അതിര്‍ത്തികള്‍ക്കപ്പുറം ഒരേ മനുഷ്യന് രണ്ടു സ്വഭാവം ഉണ്ടാകാന്‍ കാരണം ഈ നിയമമാണ് . കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ലൈംഗികമായി പീഡിപ്പിക്കപ്പെട്ട കുട്ടികളുടെ എണ്ണം 5000 ത്തിലധികമെന്നാണ് റിപ്പോര്‍ട്ട്. കൃത്യമായി പറഞ്ഞാല്‍ 5,484 പേരാണ് ആക്രമണങ്ങള്‍ക്കിരയായത്. അതേസമയം ക്രൂരമായ പീഡനങ്ങളെ തുടര്‍ന്ന് കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 1,408 ആണ്.ഇങ്ങനെ സംഭവം നടക്കുമ്പോള്‍ മാത്രം വാളെടുത്തു ഉറഞ്ഞു തുള്ളുന്നതില്‍ കവിഞ്ഞു എന്തു ചെയ്യാന്‍ പറ്റും എന്നാണു നാം ചിന്തിക്കേണ്ടത്. ഇരയെ സഹായിച്ചാല്‍ പിന്നീട് അതിന്റെയും കേസിന്റെയും പുറകെ നടക്കേണ്ടി വരുമോ എന്ന ഭയം ഒട്ടേറെ പേര്‍ക്കുണ്ട്. ഒരു പരിധി വരെ ആ ഭയത്തില്‍ കാര്യമുണ്ട് താനും. പോലീസിന്റെയും നിയമങ്ങളുടെയും കാര്യം അങ്ങനെയാണ്. ചിലപ്പോള്‍ രക്ഷിച്ചവര്‍ തന്നെ പ്രതിയാകും. പിന്നെ പ്രതി തന്നെ വരട്ടു ന്യായങ്ങളുടെയും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന തത്വത്തില്‍ ഊന്നിയ നമ്മുടെ നിയമസംഹിതയുടെ പാളിച്ചകള്‍ മൂലവും രക്ഷപ്പെട്ടു പോകുന്ന കാഴ്ചയും ഉണ്ട്. ഇത്തരം കേസുകളില്‍ നിയമങ്ങളും ശിക്ഷകളും പൊളിച്ചെഴുതി കുറച്ചു കൂടി കര്‍ശനമാക്കണം എന്ന് ഒട്ടേറെ പേര്‍ ആവശ്യപ്പെട്ടാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ഓരോ പീഡനങ്ങള്‍ ഉണ്ടാകുമ്പോഴും ഈ ആവശ്യം പൊങ്ങി വരും പക്ഷെ പിന്നീട് വിസ്മൃതിയില്‍ ആകും.
അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചു, മകളെ അച്ഛന്‍ പീഡിപ്പിച്ചു, അമ്മ മകളെ പീഡിപ്പിക്കാന്‍ കൂട്ടു നിന്നു, സഹോദരന്‍ സഹോദരിയെ പീഡിപ്പിച്ചു ഇങ്ങനെ ദിനംപ്രതി പീഡനങ്ങള്‍ അനവധി അരങ്ങേറുന്നു.എന്നാണ് ഇതിനു ഒരു അറുതിയുണ്ടാകുക . ഇതു സത്യത്തില്‍ ഇന്ത്യയ്ക്ക് നേരെയുള്ള പീഡനം ആണ് ,ഒരു സ്ത്രീക്ക് നേരെ മാത്രം നടന്ന പീഡനം അല്ല എന്നോര്‍ത്ത് ഒരു ഇന്ത്യക്കാരനും പ്രവര്‍ത്തിക്കണം ,വസ്ത്രധാരണം ആണ് ഇന്ത്യയില്‍ പീഡനം വര്‍ധിക്കാന്‍ കാരണം എന്ന് വാദിക്കുന്നവര്‍ ധാരാളം ഉണ്ട് .ഇന്ത്യന്‍ സ്ത്രീകള്‍ക്ക് വേണ്ടതിന്റെ നാലില്‍ ഒരംശം തുണി മതി സിംഗപ്പൂരിലെ സ്ത്രീകള്‍ക്ക് .പിന്നെ എന്തുകൊണ്ട് ഇവിടെ പീഡനങ്ങള്‍ കുറയുന്നു .ഏതു പാതിരാത്രിയും പൊതുവഴിയിലൂടെ തനിയെ സഞ്ചരിക്കാന്‍ ഇവര്‍ക്ക് കഴിയുന്നു.എന്നാണ് നമ്മുടെ മഹാരാജ്യത്ത് ഇതു സാധ്യമാകുക ,ഒരിക്കലും അതൊരു സ്വപ്നമായി അവശേഷിക്കാന്‍ പാടില്ലാത്തതാണ് .ഇതുകൂടാതെ ഇത്രെയും സുരക്ഷകള്‍ ഉണ്ടായിട്ടും സിംഗപ്പൂര്‍ പോലീസ് പലയിടങ്ങളില്‍ സ്ത്രീകള്‍ ഉത്സവകാലയളവില്‍ സ്വയം ശ്രദ്ധിക്കണം എന്ന ബോര്‍ഡ് വച്ച് ആവശ്യമായ ബോധവല്‍ക്കരണം നടത്തുന്നു .എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ എത്രമാത്രം ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നുണ്ട് .