വാളയാർ കേസ്: പ്രതികളെ വെറുതെ വിട്ട ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

0

കൊച്ചി: വാളയാര്‍ കേസില്‍ പ്രതികളെ വെറുതെവിട്ട വിചാരണ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാരിന്റെയും കുട്ടികളുടെ അമ്മയുടെയും അപ്പീല്‍ അംഗീകരിച്ചാണ് പാലക്കാട് പോക്‌സോ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കിയത്.

കേസില്‍ പുനര്‍വിചാരണ നടത്താനും ഹൈക്കോടതി ഉത്തരവിട്ടു. കേസിന്‍റെ തുടർ അന്വേഷണത്തിന് വിചാരണ കോടതിയെ സമീപിക്കാം. പ്രോസിക്യൂഷൻ ഇതിനായി അപേക്ഷ നൽകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ജഡ്ജിമാരായ എ.ഹരിപ്രസാദ്, എം.ആർ. അനിത എന്നിവരാണ് ഉത്തരവിട്ടത്.

പ്രതികള്‍ ജനുവരി 20-ന് വിചാരണ കോടതിയില്‍ ഹാജരാകണം. പുനര്‍വിചാരണയുടെ ഭാഗമായി പ്രോസിക്യൂഷന് കൂടുതല്‍ സാക്ഷികളെ വിസ്തരിക്കാം. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെയും പ്രോസിക്യൂഷന്റെയും വിചാരണ കോടതിയുടെയും വീഴ്ചകള്‍ കോടതി അക്കമിട്ട് നിരത്തി. പോക്‌സോ കോടതി ജഡ്ജിമാര്‍ക്ക് സര്‍ക്കാര്‍ പ്രത്യേക പരിശീലനം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി.

നേരത്തെ മേൽ കോടതിയിൽ അപ്പീൽ നൽകിയ സാഹചര്യത്തിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടിരുന്നു. ഹൈക്കോടതി വിധിയുടെ സാഹചര്യത്തിൽ ജാമ്യം റദ്ദാകുകയും ഇവരെ വീണ്ടും അറസ്റ്റു ചെയ്യുകയും ചെയ്യും. കേസിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ അഞ്ചു പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ വിചാരണക്കോടതി വെറുതെ വിട്ട നാലു പേരിൽ ഒരാളെ ഏതാനും മാസങ്ങൾക്കു മുമ്പ് ചേർത്തലയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതോടെ മൂന്നു പേരുടെ കാര്യത്തിലാണ് തുടർ അന്വേഷണങ്ങളും വിചാരണയും ഉണ്ടാകുക.

2017 ജനുവരി 13നും , മാർച്ച്‌ 4നുമാണ് 13ഉം 9ഉം വയസ്സുള്ള കുട്ടികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികളുടെ പീഡനം സഹിക്കാനാവാതെയാണ് പെൺകുട്ടികൾ ആത്മഹത്യ ചെയ്തെന്നാണ് കേസ്.2019 ഡിസംബറിൽ ആണ് സർക്കാർ അപ്പീൽ നൽകിയത്.