ലിംഗസമത്വത്തിനായി ഒന്നിച്ചുനില്‍ക്കാം, തൊഴിലിടം പുനര്‍നിര്‍മിക്കാം; മാറ്റങ്ങള്‍ക്ക് ആഹ്വാനം ചെയ്ത് ഡബ്ല്യുസിസി

0

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റേയും തുടര്‍ന്നുവന്ന ലൈംഗിക ചൂഷണങ്ങളുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളുടേയും പശ്ചാത്തലത്തില്‍ മാറ്റങ്ങള്‍ക്ക് ആഹ്വാനം ചെയ്ത് ഡബ്ല്യുസിസി. ചലച്ചിത്ര രംഗത്ത് മാറ്റങ്ങള്‍ അനിവാര്യമാണെന്നും നമ്മുക്കൊരുമിച്ച് പടുത്തുയര്‍ത്താമെന്നും ചൂണ്ടിക്കാട്ടിയാണ് പോസ്റ്റ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ തൊഴിലിടത്തെ ചൂഷണവും ലിംഗവിവേചനവും തിരിച്ചറിഞ്ഞ് അത് അടയാളപ്പെടുത്താന്‍ സ്ത്രീകള്‍ മുന്നോട്ടുവന്നതായി ഡബ്ല്യുസിസി ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടി.

തൊഴിലിടത്തില്‍ പുലരേണ്ട ലിംഗസമത്വത്തിനായി സര്‍ക്കാരും സംഘടനകളും ഒന്നിച്ചുനില്‍ക്കേണ്ട സമയമാണിതെന്ന് ഡബ്ല്യുസിസി ഓര്‍മിപ്പിച്ചു. ചലച്ചിത്ര രംഗത്തെ വിവേചനങ്ങള്‍ ഇല്ലാതാക്കാന്‍ സുതാര്യവും സുസ്ഥിരവുമായ സംവിധാനം ഉണ്ടാകേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ട് ഓര്‍മപ്പെടുത്തുന്നുണ്ടെന്നും ഡബ്ല്യുസിസി ചൂണ്ടിക്കാട്ടി.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഡബ്ല്യുസിസിയുടെ കൂടി ആവശ്യങ്ങള്‍ മാനിച്ചാണ് ചലച്ചിത്രരംഗത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഹേമ കമ്മിറ്റി എത്തുന്നത്. നാലുവര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് വെളിച്ചം കാണാതിരുന്നപ്പോഴും റിപ്പോര്‍ട്ട് പുറത്തുവരണമെന്ന് നിരന്തരം ആവശ്യമുന്നയിച്ചിരുന്നത് ഡബ്ല്യുസിസിയാണ്. ലൈംഗിക ചൂഷണം ഉള്‍പ്പെടെ ഞെട്ടിക്കുന്ന വിഷയങ്ങളാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ലൈംഗിക ചൂഷണത്തിന്റേയും അതിക്രമത്തിന്റേയും അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് നിരവധി സ്ത്രീകള്‍ രംഗത്തെത്തുകയും ചെയ്തു.