വിവാഹത്തിന് ഭക്ഷണം നല്‍കിയില്ല; എടുത്ത ഫോട്ടോകള്‍ ഡിലീറ്റ് ചെയ്ത് ഫോട്ടോഗ്രാഫര്‍

0

ന്യൂയോര്‍ക്ക്: ജോലിക്കിടയില്‍ ഭക്ഷണം പോലും നിഷേധിക്കുന്ന തൊഴിലുടമയുടെ നിലപാടിനെതിരെ വനിത ഫോട്ടോഗ്രാഫര്‍ എടുത്ത നിലപാട് വലിയ ചര്‍ച്ചയാകുകയാണ്. അമേരിക്കന്‍ ഓണ്‍ലൈന്‍ ചര്‍ച്ച പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിലാണ് ഫോട്ടോഗ്രാഫറായ യുവതി തന്‍റെ അനുഭവം പങ്കുവച്ചത്. ഇത് വലിയ വാര്‍ത്തയായിരിക്കുകയാണ്. പേര് വെളിപ്പെടുത്താതെയാണ് യുവതി അനുഭവം വിവരിക്കുന്നത്.

നായ വളര്‍ത്തുകയും അവയെ പരിപാലിക്കുകയും ചെയ്യുന്ന യുവതി, ചില സമയങ്ങളില്‍ അവയുടെ മനോഹരമായ ചിത്രങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ഇടാറുണ്ട്. ഈ മനോഹര ചിത്രങ്ങള്‍ കണ്ടതോടെയാണ് ഒരു സുഹൃത്തിന് ഒരു ആശയം കത്തിയത്. വിവാഹ ചിലവ് കുറയ്ക്കാന്‍ സുഹൃത്ത് അവരുടെ വിവാഹഫോട്ടോകള്‍ എടുക്കാനായി യുവതിയോട് ആവശ്യപ്പെടുകയായിരുന്നു.

വിവാഹ ഫോട്ടോഗ്രാഫിയില്‍ താന്‍ പരിചിതയല്ലെന്ന് പറഞ്ഞിട്ടും സുഹൃത്ത് വിട്ടില്ല. ഒടുവില്‍ നിര്‍ബന്ധത്തിന് വഴങ്ങി ഈ ദൗത്യം യുവതി ഏറ്റെടുത്തു. എന്നാല്‍ കാര്യങ്ങള്‍ പ്രതീക്ഷിച്ചപോലെയല്ല നടന്നത്.

വിവാഹ ദിവസം വന്നെത്തി വധുവിനൊപ്പം വിവിധ സ്ഥലങ്ങളിൽ പോയി രാവിലെ മുതല്‍ ഔട്ട്ഡോര്‍ ഷൂട്ടിലായിരുന്നു യുവതി. ഒടുവില്‍ സത്കാര സമയത്താണ് സംഭവം കൈവിട്ടത്. രാവിലെ 11 മണിക്ക് തുടങ്ങിയ വിവാഹ പരിപാടികള്‍ രാത്രി ഏഴരയോടെയാണ് അവസാനിച്ചത്. സത്കാരത്തിന്‍റെ സമയത്ത് വൈകുന്നരം അഞ്ച് മണിയോടെ ചടങ്ങില്‍ ഭക്ഷണം വിളമ്പി തുടങ്ങി.

എന്നാല്‍ വിവാഹഫോട്ടോകള്‍ എടുക്കേണ്ടതിനാല്‍ എന്നെ ഭക്ഷണം കഴിക്കാന്‍ അവര്‍ അനുവദിച്ചില്ല. ഞാന്‍ ആകെ ക്ഷീണിതയായിരുന്നു. മാത്രമല്ല, വിവാഹ വേദിയില്‍ സഹിക്കാന്‍ കഴിയാത്ത ചൂടായിരുന്നു. എസിയും ഉണ്ടായിരുന്നില്ല. ഇതോടെ ആകെ നിരാശയിലായി.

ഇരുപത് മിനുട്ട് ഇടവേള തന്നാല്‍ താന്‍ ആഹാരം കഴിച്ചുവരാം എന്ന് വരനോട് പറഞ്ഞു, അയാള്‍ അതിന് സമ്മതിച്ചില്ല. ഒരു ഗ്ലാസ് വെള്ളം പോലും കിട്ടിയില്ല, എന്‍റെ കൈയിലുണ്ടായിരുന്ന രണ്ട് കുപ്പി വെള്ളവും തീര്‍ന്നു പോയിരുന്നു. എന്നിട്ടും ജോലി തുടരാന്‍ അവര്‍ നിര്‍ബന്ധിച്ചു. പ്രതിഫലം തരില്ലെന്ന് പറഞ്ഞു. ഇതോടെ രോഷം സഹിക്കാതെ വരന്‍റെ മുന്നില്‍ നിന്നും ഫോട്ടോകള്‍ ഡിലീറ്റ് ചെയ്ത് കളഞ്ഞ് ഞാന്‍ ഇറങ്ങിവന്നു യുവതി റെഡ്ഡിറ്റില്‍ കുറിച്ചു. നിരവധിപ്പേരാണ് ഈ യുവ വനിത ഫോട്ടോഗ്രാഫാര്‍ക്ക് പിന്തുണ നല്‍കുന്നത്.