ടച്ച് സ്ക്രീനിൽ ഒന്ന് വിരല്‍ അമർത്തിയാല്‍ മതി; സാക്ഷാൽ ഫെരാരിയും ലംബോർഗിനിയും ബെന്‍റിലിയും നിങ്ങൾക്ക് മുന്നിലെത്തും

0

ഒരു വെൻഡിങ് മെഷിനെ സമീപിച്ചാൽ ​ സ്നാക്കുകൾക്കും ഡ്രിങ്ക്സുകൾക്കും പകരം ആഡംബര കാറുകൾ ലഭിച്ചാലോ?. അത്ഭുതപെടെണ്ട. സംഭവം സിംഗ്പ്പൂരിലാണ്. കാറുകൾക്ക് മാത്രമായ ലോകത്തിലെ ഏറ്റവും വലിയ വെൻഡിങ് മെഷിനാണ് ഇപ്പോൾ സിങ്കപ്പൂരിന് സ്വന്തമായിരിക്കുന്നത്. ഒരു വെൻഡിങ് മെഷിൻ എന്നു പറഞ്ഞാൽ ആദ്യം മനസിലെത്തുക സ്നാക്കുകളും ശീതള പാനീയങ്ങളും നിറച്ചിരിക്കുന്ന ഒരിടമാണ്. എന്നാല്‍ ഇത് കാറുകളുടെ ആണെന്ന് മാത്രം.

സിംഗപൂരിലെ ഈ വെൻഡിങ് മെഷിനെ സമീപിച്ച് പൈസ എണ്ണികൊടുത്താൽ ആഡംബര കാറുകളായ സാക്ഷാൽ ഫെരാരിയും ലംബോർഗിനിയും ബെന്‍റിലിയും നിങ്ങൾക്ക് മുന്നിലെത്തും. വെൻഡിങ് മെഷിനിന്‍റെ രൂപത്തിൽ പതിനഞ്ച് നില ഷോറൂമാണ് യൂസ്ഡ് കാർ വില്പനക്കാരായ ഓട്ടോബാഹ്ന് മോട്ടേഴ്സ് പണിക്കഴിപ്പിച്ചിരിക്കുന്നത്. 60 നിരകളിലായി അടുക്കിവെച്ചിരിക്കുന്ന വാഹനങ്ങളുള്ള ഈ ഷോറൂം ലോകത്തിലെ ഏറ്റവും വലിയ കാർ വെൻഡിങ് മെഷിൻ എന്നാണ് കമ്പിന അവകാശപ്പെടുന്നത്.

ഷോറൂമിന്‍റെ താഴത്തെ നിലയിലെത്തുന്ന ഉപഭോക്താവിന് ഇഷ്ടപ്പെട്ട കാർ ടച്ച് സ്ക്രീനിൽ ഒന്ന് അമർത്തുകയെ വേണ്ടൂ ആ കാർ നിമിഷങ്ങൾക്കുള്ളിൽ നിങ്ങളുടെ മുന്നിലെത്തുകയായി. വിശാലമായ ഷോറും സിങ്കപ്പൂരിൽ പണിയുന്നതിനുള്ള സ്ഥല പരിമിതി ഓർത്താണ് ഒരു വെൻഡിങ് മെഷിൻ രൂപത്തിൽ ഷോറൂം പണിതതെന്നാണ് കമ്പനി ജനറൽ മാനേജർ ഗാരി ഹോങ് പറഞ്ഞത്. വിപണിയിൽ വേറിട്ടൊരു രീതിയിൽ നിലയുറപ്പിക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ടായിരുന്നു.

നൂതന സാങ്കേതികതയുള്ള ആഡംബര കാറുകൾ മുതൽ 1955 കാലഘട്ടങ്ങളിലെ മോർഗൺ പ്ലസ് 4 ക്ലാസിക് കാറുകൾ വരെ ഈ ഷോറൂമിൽ ലഭ്യമാണ്. ലോകത്തിലെ ഏറ്റവും വലിയ കാർ വെൻഡിങ് മെഷിൻ എന്നു അവകാശപ്പെടുന്ന ഈ ഷോറൂമിന് സമാനമായി കഴിഞ്ഞ വർഷം അമേരിക്കയിൽ കാർവാണ യൂസ്ഡ് കാർ കമ്പനി നിർമിച്ചിരുന്നു. മുപ്പത് കാറുകൾ വരെ ഉൾക്കൊള്ളാവുന്ന എട്ടുനില ഷോറുമാണ് ടെക്സസിലുള്ളത്.