വാക്സീൻ സമ്പന്നരാജ്യങ്ങൾക്ക് മാത്രം പോരാ: ബൂസ്റ്റർ ഡോസുകൾ നിർത്തിവെക്കണമെന്ന് ഡബ്ല്യു.എച്ച്.ഒ

1

ജനീവ: കോവിഡ് വാക്സിന്റെ രണ്ടുഡോസുകൾക്കുപുറമേ ബൂസ്റ്റർ ഡോസുകൾ നൽകുന്നതിന് മൊറട്ടോറിയം ഏർപ്പെടുത്താൻ ലോകാരോഗ്യസംഘടനയുടെ ആഹ്വാനം. ദരിദ്രരാജ്യങ്ങളിൽ വാക്സിന്റെ കടുത്ത ദൗർലഭ്യം നേരിടുന്ന പശ്ചാത്തലത്തിലാണിത്.

എല്ലാ രാജ്യത്തെയും കുറഞ്ഞത് പത്തു ശതമാനം ആളുകളെങ്കിലും വാക്സീൻ സ്വീകരിച്ചെന്ന് ഉറപ്പുവരുത്തുന്നതിനാണ ണ് നടപടിയെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനം ഗെബ്രയേസസ് പറഞ്ഞു.

സെപ്റ്റംബർ വരെയെങ്കിലും ബൂസ്റ്റർ ഡോസ് വിതരണം നിർത്തിവെക്കണം. മരുന്നുകമ്പനികൾ സമ്പന്ന രാഷ്ടങ്ങൾക്ക് കൂടുതൽ വാക്സിൻ നൽകുന്നത് നിയന്ത്രിക്കണമെന്നും ഡബ്ല്യു.എച്ച്.ഒ. തലവൻ പറഞ്ഞു.

‘ഡെൽറ്റ വകഭേദത്തിൽനിന്ന് സ്വന്തം ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള എല്ലാ സർക്കാരുകളുടേയും ഉത്കണ്ഠ ഞാൻ മനസ്സിലാക്കുന്നു. പക്ഷേ, വാക്സീനുകളുടെ ആഗോള വിതരണത്തിൽ ഭൂരിഭാഗവും ഇതിനകം ഉപയോഗിച്ച രാജ്യങ്ങൾ വീണ്ടും അത് ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല.’– രാജ്യങ്ങൾ മൂന്നാം ഡോസ് വാക്സീനും നൽകാൻ ആരംഭിച്ചതിനെക്കുറിച്ചു ലോകാരോഗ്യസംഘടനാ മേധാവി പറഞ്ഞു. വാക്സീൻ ഡോസുകൾ ഭൂരിപക്ഷവും സമ്പന്ന രാജ്യങ്ങളിലേക്കു മാത്രം പോകുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

രോഗപ്രതിരോധശേഷി കുറഞ്ഞവർക്ക് സെപ്റ്റംബർ മുതൽ വീണ്ടും ബൂസ്റ്റർ വാക്സീൻ (മൂന്നാം ഡോസ്) നൽകുമെന്ന് ജർമനിയും രോഗപ്രതിരോധശേഷി കുറഞ്ഞവർക്ക് രണ്ടാം ഡോസിന് മൂന്നു മാസത്തിനുശേഷവും മറ്റുള്ളവർക്ക് ആറു മാസത്തിനുശേഷവും ബൂസ്റ്റർ വാക്സീൻ നൽകുമെന്ന് യുഎഇയും പ്രഖ്യാപിച്ചിരുന്നു. ഇസ്രയേൽ പ്രസിഡന്റ് യിസാക് ഹെർസോഗ് കഴിഞ്ഞ ആഴ്ച മൂന്നാം ഡോസ് വാക്സീൻ സ്വീകരിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ പ്രസ്താവന.