ഒരു പഴയ കഥയാണെങ്കിലും തിളങ്ങുന്ന, തെളിച്ചമുള്ളൊരു ഓര്‍മ്മയായതിനാല്‍ അതെത്ര പറഞ്ഞാലും എനിക്ക് മതിയാവില്ല.
എനിക്കന്ന് കഷ്ടി നാലുവയസാണ് പ്രായം. സ്‌കൂളില്‍ പോയിത്തുടങ്ങിയിട്ടില്ല. സ്‌കൂളിലെ വാര്‍ഷികത്തിന് ചേട്ടന്മാരും ചേച്ചിമാരും ഒരുങ്ങി പുറപ്പെടാന്‍ നില്‍ക്കുന്നു. ഞാനും കൂട്ടത്തില്‍ പോകാനിറങ്ങി. മുറ്റം കടന്ന് പാടത്തിനരുകിലെത്തിയപ്പോളാണ് അവരുടെ കൂടെ പോകാനാണ് എന്റെ പദ്ധതിയെന്ന് അമ്മ അറിയുന്നത്. അമ്മ ഓടിവന്ന് കൈയില്‍ പിടിച്ചിട്ടു പറഞ്ഞു, “മോന്‍ ഇപ്പൊ പോകേണ്ട.” അതെന്താ പോയാല്‍ എന്നോര്‍ത്ത് എനിക്ക് വല്ലാതെ സങ്കടം വന്നു. മുതിര്‍ന്നവര്‍ കൂടെയില്ലാത്തതിനാലാണെന്നൊന്നും അന്നെനിക്കറിയില്ലല്ലോ.
“അമ്മേ, ഷര്‍ട്ടിട്ടു പോയി” എന്നുപറഞ്ഞ് ഞാന്‍ കരഞ്ഞു.
“മോന്‍ ചെറുതല്ലേ… വലുതാകുമ്പോള്‍ എവിടെ പോയാലും അമ്മ തടയില്ല” അമ്മ എന്നോട് അന്ന് പറഞ്ഞതാണ്.
അതുകേട്ട് കരച്ചില് നിര്‍ത്തിയോ എന്നെനിക്ക് ഓര്‍മ്മയില്ല. പക്ഷെ, ചേട്ടന്മാരും ചേച്ചിമാരും പാടത്തൂടെ നടന്നകലുന്ന ചിത്രം ഇന്നലത്തെ പോലെ മനസ്സിലുണ്ട്.
അമ്മ പിന്നീട് വാക്കുപാലിച്ചു. മുതിര്‍ന്ന ഞാന്‍ എവിടെ പോകുന്നതിലും അമ്മക്ക് എതിരഭിപ്രായമുണ്ടായിരുന്നില്ല. യുദ്ധം നടക്കുന്ന സിറിയയിലും വെള്ളപ്പൊക്കം അലയടിക്കുന്ന തായ്‌ലാന്‍ഡിലുമൊക്കെ പോയപ്പോഴും അമ്മ ഒരു തടസ്സവും പറഞ്ഞില്ല.
യാത്ര അമ്മക്കും ഇഷ്ടമാണ്. നായര്‍ കുടുംബമായതിനാല്‍ അമ്മ ജനിച്ച വീട്ടില്‍ തന്നെയാണ് അമ്മ വളര്‍ന്നതും, വിവാഹത്തിനുശേഷം ജീവിച്ചതും, ഇപ്പോള്‍ ജീവിക്കുന്നതും. പത്തു കിലോമീറ്റര്‍ ദൂരെയുള്ള അച്ഛന്റെ വീട്, അച്ഛന്റെ ജോലിസ്ഥലമായ ഉദ്യോഗമണ്ഡലിലെ ക്വാര്‍ട്ടേഴ്‌സ്, ഏതെങ്കിലും കല്യാണം കൂടാന്‍ ഗുരുവായൂര്‍ ക്ഷേത്രം ഇവിടേക്കൊക്കെയേ അമ്മ പണ്ട് യാത്രചെയ്തിട്ടുള്ളു. കുട്ടികളെ വളര്‍ത്തലും വീട്ടിലെ പ്രാരാബ്ധങ്ങളുമായിരുന്നു ആദ്യകാലത്ത് തടസമായതെങ്കില്‍ പിന്നീട് അച്ഛനും അമ്മാവനും വയസ്സായ കാലത്ത് അവരെ നോക്കാനായി ജീവിതം മാറ്റിവെക്കേണ്ടിവന്നു. യാത്രക്ക് തടസ്സമായി വീട്ടിലെ പശുക്കളും പട്ടികളുമടങ്ങുന്ന ആശ്രിതര്‍ വേറെയും.
അച്ഛന്റെ മരണശേഷം പശുക്കളെയെല്ലാം വിറ്റ് പ്രാരാബ്ധങ്ങള്‍ക്ക് വിടപറഞ്ഞ് അമ്മ അമേരിക്കക്ക് പോയി. പിന്നീടങ്ങോട്ട് മക്കള്‍ വിളിച്ച എല്ലായിടങ്ങളിലേക്കും. എണ്‍പത് വയസ്സുകഴിഞ്ഞ അമ്മ ഇപ്പോഴും എവിടെ ടൂര്‍ പോയാലും മുന്നിലുണ്ട്. “ഞാന്‍ എവിടെക്കിടന്നു ചത്താലും എന്നെ നോക്കാനുള്ളവര്‍ കൂടെയുള്ളപ്പോള്‍ ഞാനെന്തിന് പേടിക്കണം” എന്നതാണ് അമ്മയുടെ പക്ഷം.
എന്റെ അമ്മയുടെ കാര്യം ഇങ്ങനെയാണെങ്കിലും ലോകത്തെ ബഹുഭൂരിപക്ഷവും വ്യത്യസ്തരാണ്. വയസ്സായി യാത്രചെയ്യാനാവാതെ ഓള്‍ഡ് ഏജ് ഹോമിലും ആശുപത്രിയിലും കിടക്കുന്നവരില്‍ നടത്തിയ അനേകം സര്‍വേകള്‍ സൂചിപ്പിക്കുന്നത് വയസ്സായവരുടെ ഏറ്റവും വലിയ കുണ്ഠിതം, ആവശ്യാനുസരണം സഞ്ചരിച്ചില്ല എന്നുതന്നെയാണ്. അല്ലാതെ പണമുണ്ടാക്കിയില്ലെന്നോ പഠിക്കാന്‍ പറ്റിയില്ലെന്നോ അല്ല. നിങ്ങള്‍ക്ക് ആ ഗതി വരരുത്.
യാത്രചെയ്യാന്‍ ഇപ്പോള്‍ കാരണങ്ങള്‍ പലതാണ്. ബന്ധു സന്ദര്‍ശനം, ക്ഷേത്രദര്‍ശനം, ആഘോഷങ്ങള്‍, ആരോഗ്യസംരക്ഷത്തിന്, പഠനാവശ്യങ്ങള്‍ക്ക്, വിനോദത്തിന് തുടങ്ങി യാത്ര അടുത്ത നഗരത്തിലേക്കോ, സംസ്ഥാനത്തേക്കോ, രാജ്യത്തേക്കോ ആകാം. എല്ലാ യാത്രകളുടെയും ലക്ഷ്യവും ലക്ഷ്യസ്ഥാനവും വ്യത്യസ്തമാണെങ്കിലും ഓരോ യാത്രയും ഓരോ അനുഗ്രഹങ്ങളാണ് എന്ന കാര്യത്തില്‍ സംശയമില്ല. കാരണം ഓരോ യാത്രയും തരുന്ന അനുഭവങ്ങള്‍ വ്യത്യസ്‍തമാണ്. പുഴയിലെ വെള്ളം എപ്പോഴും മാറിവരുന്നതിനാല്‍ ഒരു പുഴയും നമ്മള്‍ രണ്ടാമത് കാണില്ല എന്ന് പറയും പോലെ എന്നും സഞ്ചരിക്കുന്ന വഴിയാണെങ്കിലും കാഴ്ചകള്‍ മാറിക്കൊണ്ടേയിരിക്കും.
ഓരോ യാത്രയും പുതിയ അനുഭവങ്ങളുടെ യാത്രയാണെന്ന ബോധം എപ്പോഴും നമുക്ക് മനസ്സില്‍ വേണം. അതിനാല്‍ അറിവുകള്‍ സ്വീകരിക്കാന്‍ നമ്മള്‍ മനസ്സിന്റെ വാതായനങ്ങള്‍ എപ്പോഴും തുറന്നുവെക്കണം. നിങ്ങള്‍ പരിചയിച്ചതോ പരിശീലിച്ചതോ ആയ വേഷം, ഭാഷ, ആചാരം, ഭക്ഷണം എന്നിവയുടെ പേരില്‍ മറ്റൊന്നിനെ അളക്കാനാകരുത് ഒരു യാത്രയും. പകരം നമുക്ക് അറിയില്ലാത്ത ഒന്നിന്റെ അടിസ്ഥാനം അറിയാനുള്ള, കുട്ടികളുടേതിന് സമമായ ജിജ്ഞാസയാണ് നമ്മള്‍ യാത്രയില്‍ കൂടെ കൂട്ടേണ്ടത്. ‘നിങ്ങള്‍ ഒരു ഗ്രാമത്തില്‍ ചെല്ലുമ്പോള്‍ അവിടെ എല്ലാവരും ഒറ്റക്കാലില്‍ നടക്കുകയാണെങ്കില്‍ നിങ്ങള്‍ ആദ്യം ഒറ്റക്കാലില്‍ നടക്കുക. എന്നിട്ട് അതിന്റെ കാരണം അന്വേഷിക്കുക’ എന്നൊരു ചൊല്ലുണ്ട്. നമുക്ക് പരിചിതമല്ലാത്ത ഓരോ ആചാരത്തിനും അതിന്റേതായ കരണങ്ങളുണ്ടാകും. അതിനെ വിധിക്കാനല്ല, അറിയാനായിരിക്കണം നമ്മുടെ യാത്രകള്‍.
അറിവിനാണ് യാത്ര എന്നു നാം തീരുമാനിച്ചുകഴിഞ്ഞാല്‍ പിന്നെ അനുഭവങ്ങളുടെ വൈവിധ്യം വര്‍ദ്ധിപ്പിക്കാനായിരിക്കണം അടുത്ത ശ്രമം. ലോകത്തെവിടെ പോയാലും ഇന്ത്യന്‍ ഭക്ഷണശാല, അതും ഒത്താല്‍ പൊറോട്ടയും ബീഫും കിട്ടുന്ന മലബാര്‍ ഹോട്ടല്‍ അന്വേഷിച്ചു പോകുന്നവര്‍ സത്യത്തില്‍ യാത്രയെ അനുഭവിക്കുന്നില്ല. എല്ലാനേരവും പോകുന്ന നാട്ടിലെ ആഹാരം കഴിക്കണമെന്നല്ല, പക്ഷെ ഒരു നാട്ടില്‍ പോയിട്ട് ഒരിക്കല്‍ പോലും അവരുടെ ഭക്ഷണം രുചിച്ചുനോക്കാതെ പോരുന്നത് യാത്രയാവില്ല.
യാത്രയുടെ ഗുണം ശരിക്കും അനുഭവിക്കണമെങ്കില്‍ യാത്ര തുടങ്ങുന്നതിനു മുന്‍പേ നമ്മള്‍ മനസ്സുകൊണ്ട് യാത്ര തുടങ്ങണം. പോകുന്ന സ്ഥലത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും വായിച്ച് മനസ്സിലാക്കണം. ഇപ്പോള്‍ ഇന്റര്‍നെറ്റ് ഉള്ളതുകൊണ്ട് ഇതെളുപ്പമാണ്. ആദ്യമായി നിങ്ങള്‍ ഏതെങ്കിലും ട്രാവല്‍ ഗ്രൂപ്പില്‍ അംഗമാകണം. യാത്രക്കുമുന്പ് ഗ്രൂപ്പിലെ ആളുകളുടെ അഭിപ്രായം ചോദിച്ചാല്‍ കാണേണ്ട സ്ഥലങ്ങള്‍, പോകരുതാത്ത സ്ഥലങ്ങള്‍, ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍, അവിടേക്ക് യാത്ര ചെയ്തവരുടെ അനുഭവങ്ങള്‍ ഇവയൊക്കെ നമുക്ക് ലഭിക്കും. ചിലപ്പോള്‍ അവിടെ താമസിക്കുന്ന മലയാളി സുഹൃത്തുക്കളെയും.
നമ്മള്‍ ഒരു സ്ഥലത്തേക്ക് യാത്ര പോകുന്നത് എന്തിനായാലും അതിനി ഔദ്യോഗികമായാലും ആശുപത്രിയിലേക്കായാലും ഒരല്പമെങ്കിലുംസ്ഥലത്തിന്റെ ആത്മാവ് കണ്ടിട്ടേ തിരികെ വരാവൂ. കാരണം രണ്ടാമതൊരിക്കല്‍ കൂടി നമ്മള്‍ അവിടെ പോകുമെന്നുറപ്പില്ലാത്തതു തന്നെ. 2008-ലാണ് ഞാനാദ്യമായി ചൈനയിലെത്തുന്നത്, ഭൂമികുലുക്കത്തെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ്. ബീജിങിലാണ് മീറ്റിങ്. രാവിലെ എട്ടു മുതല്‍ രാത്രി പത്തു വരെ മൂന്നുദിവസം മീറ്റിങ്. നാലാം ദിവസം തിരിച്ചു പോരുകയാണ്. ചൈനയിലെത്തിയാല്‍ ആദ്യം കാണണമെന്നാഗ്രഹിച്ചത് ‘ടിയാന്‍ ആന്‍ മെന്‍ സ്‌ക്വയര്‍’ ആണ് (https://en.wikipedia.org/wiki/Tiananmen) . മൂന്നാം ദിവസം രാത്രി പത്തുമണിക്ക് ഒരു ടാക്സിയില്‍ കയറി ടിയാന്‍ ആന്‍ മെന്‍ സ്‌ക്വയറിന്റെ കാര്‍ഡ് കാണിച്ചു. (ചൈനയിലെ ഹോട്ടലുകളില്‍ ഇത്തരം കാര്‍ഡുകളുണ്ട്. ഇത് കൈയിലെടുത്ത് ചൂണ്ടിക്കാണിച്ചാല്‍ ഭാഷ പ്രശ്നമാകില്ല.) ഒന്നര മണിക്കൂറെടുത്ത ആ യാത്രയില്‍ ഞാന്‍ ടാക്സിയില്‍ ഉറങ്ങി. സ്ഥലത്തെത്തി ടാക്സിക്കാരനോട് കാത്തുനില്‍ക്കാന്‍ പറഞ്ഞ് ഓടിപ്പോയി മാവോയുടെ പടം കണ്ടു, പടമെടുത്തു. തിരിച്ച് ടാക്സിയില്‍ ഹോട്ടലിലേക്കുള്ള യാത്രയില്‍ പിന്നെയും ഉറങ്ങി. പറഞ്ഞുവന്നത് നമ്മുടെ പ്രാധാന ഉദ്ദേശം എന്താണെങ്കിലും മാനസിക നില എങ്ങനെ ആയാലും ചെറിയ സമയം പോലും പാഴാക്കാതെ കാഴ്ചകള്‍ കാണണം എന്നാണ്.
ഏത് സ്ഥലത്തു പോകുമ്പോഴും നാം എല്ലാവരും കേട്ടിട്ടുള്ള ഇടങ്ങള്‍ സന്ദര്‍ശിക്കണം, സെല്‍ഫിയെടുക്കണം. അതേസമയം സാധാരണ ആളുകള്‍ പോകാത്ത, ആരും കേട്ടിട്ടില്ലാത്ത ഇടങ്ങളും കാണാന്‍ ശ്രമിക്കണം. അതാണ് പിന്നീട് പറഞ്ഞ് മറ്റുള്ളവരെ അതിശയിപ്പിക്കാന്‍ പറ്റുന്നത്. പാരീസില്‍ എത്തുന്നവര്‍ ഈഫല്‍ ടവറും ലൂവ്ര് മ്യൂസിയവും എന്തായാലും കാണണം. എന്നാല്‍ നിങ്ങള്‍ മിടുക്കരാണെങ്കില്‍ സീവര്‍ മ്യൂസിയവും സെക്സ് മ്യൂസിയവും വിടരുത്. ജനീവയില്‍ എത്തുന്നവര്‍ എല്ലാം യു എന്‍ കെട്ടിടവും ഫൗണ്ടനും ഒക്കെ കാണും, പക്ഷെ എന്റെ അടുത്ത് വരുന്നവര്‍ മാത്രമേ ജനീവയിലെ രാജാക്കന്മാരുടെ സെമിത്തേരി കാണാറുള്ളൂ. അവിടെ രാജാക്കന്മാരെ കാണാനല്ല, മറിച്ച് ജനീവയിലെ ജനങ്ങള്‍ ആ നാട്ടിലെ ഏറ്റവും പ്രശസ്തയായിരുന്ന സെക്സ് വര്‍ക്കര്‍ക്ക്ക് അതില്‍ സ്ഥാനം നല്‍കിയതിന്റെ ചരിത്രം പഠിക്കാനാണ്. (https://en.wikipedia.org/wiki/Gris%C3%A9lidis_R%C3%A9al)
യാത്രകള്‍ നമ്മുടെ ചിന്തകളില്‍ മാറ്റം വരുത്തണം. ഇല്ലെങ്കില്‍ പിന്നെ യാത്രകൊണ്ട് വലിയ പ്രയോജനമില്ല. കേരളം ബുദ്ധിജീവികളുടെ നാടാണെന്നും ലോകത്തേറ്റവും സുന്ദരമായ സ്ഥലം കേരളമാണെന്നും ചെറുപ്പത്തില്‍ ചിന്തിക്കുന്നത് ശരി തന്നെ. എന്നാല്‍ ഇതൊന്നും പുറത്തു പറയരുത്. കാരണം, പുറത്തുള്ളവര്‍ക്കും ഉണ്ട് ഇതേ ചിന്തകള്‍. തമിഴ് പോലെ ഏറെ പാരമ്പര്യം ഉള്ള ഭാഷയും തിരുക്കുറള്‍ പോലെ ഒരു ഗ്രന്ഥവും ഒക്കെ ഉള്ള തമിഴന് മലയാളിയുടെ ‘ബുദ്ധിജീവിതം’ കാണുമ്പോള്‍ ചിരിവരും. ലോണാവാലയിലെ മഴക്കാലം കണ്ടിട്ടുള്ളവര്‍ക്ക് കേരളത്തിലെ മഴ ലോകോത്തരമാണെന്ന് പറയാന്‍ അല്പം ബുദ്ധിമുട്ടുണ്ടാകും. അതിനെ കുറ്റം പറയാന്‍ പറ്റില്ല. നമ്മുടെ പാരമ്പര്യത്തെയും സൗന്ദര്യത്തെയും കുറച്ചുകാണുകയല്ല. മറിച്ച്
പാരമ്പര്യവും സൗന്ദര്യവും മറ്റു പലയിടത്തുമുണ്ടെന്നും, അവര്‍ക്കും നമ്മുടേത് പോലെ (മിഥ്യ)ധാരണകളുണ്ടെന്നുമാണ് ഉദ്ദേശിച്ചത്. അതായത് നമ്മുടെ അഭിപ്രായമാണ് ശരിയെന്ന ചിന്ത യാത്രകൊണ്ട് തീരണം. യാത്രക്ക് മുന്നേ തീര്‍ന്നാല്‍ അത്രയും നല്ലത്.
“അപ്പൊ ചേട്ടാ, ചേട്ടനീ ലോകം മുഴുവന്‍ നടന്നതില്‍ ഏറ്റവും നല്ല സ്ഥലമേതാണ്?”
“അതിപ്പോ ‘സാരെ ജഹാം സെ അഛാ..’ എന്നല്ലേ പറഞ്ഞുപഠിച്ചിരിക്കുന്നതും ചിന്തിക്കുന്നതും”.
“അതെ, പക്ഷെ, സത്യം എന്താണ്?”
“സത്യം അല്പം കയ്‌പ്പുള്ളതാണ് കുട്ടീ, എന്നെ നിര്‍ബന്ധിക്കരുത്.”
“ഞാന്‍ നിര്‍ബന്ധിക്കും”
“എന്നാല്‍ പറയാം. അഫ്ഘാനിസ്ഥാന്‍. ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മനോഹരമായ സ്ഥലം അഫ്ഘാനിസ്ഥാനാണ്. പര്‍വ്വതങ്ങളും മരുഭൂമിയും ദ്വീപുകളുമായി അതീവസൗന്ദര്യമുള്ള എത്രയോ സ്ഥലങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ടെങ്കിലും, അഫ്‌ഗാനിസ്ഥാന്‍ പോലെ സുന്ദരമായ ഒരു സ്ഥലം ഞാന്‍ കണ്ടിട്ടില്ല.
തത്കാലം സഞ്ചാരികള്‍ക്ക് പോകാന്‍ പറ്റിയ ഒരു സാഹചര്യം അല്ല അവിടെ ഉള്ളത്. പക്ഷെ എന്നെങ്കിലും ഒക്കെ അവിടം സുരക്ഷിതമായാല്‍ നിങ്ങള്‍ ബാമിയാന്‍ നഗരത്തിന് അടുത്തുള്ള “നേതാവിന്റെ തടാകം” എന്ന് പറയുന്ന സ്ഥലത്ത് ഒന്ന് പോണം. (https://en.wikipedia.org/wiki/Band-e_Amir_National_Park). മനസ്സില്‍ പതിയുന്ന ചിത്രങ്ങളോട് ഒരിക്കലും കാമക്ക് നീതി ചെയ്യാനാവില്ല. പലപ്പോഴും കാമറയില്‍ കാണുന്ന ചിത്രങ്ങളെ പോലെ ഒരു സ്ഥലം മനോഹരം ആയി തോന്നുകയും ഇല്ല. അതുകൊണ്ടു കൂടിയാണ് കാലം എത്ര മാറിയാലും കാമറകള്‍ എത്ര പുരോഗമിച്ചാലും യാത്രകള്‍ നമ്മള്‍ ചെയ്തുകൊണ്ടേയിരിക്കേണ്ടത്. കാരണം നമ്മുടെ മനസ്സിന്റെ വികാസത്തിനും സ്ഥലത്തിന്റെ ആസ്വാദനത്തിനും യാത്ര പോലെ മറ്റൊന്നില്ല.
ആട്ടെ, നിങ്ങള്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും മനോഹരമായ സ്ഥലം ഏതാണ് ?