
പ്രവാസി സമൂഹ കൂട്ടായ്മയായ വേൾഡ് മലയാളി ഫെഡറേഷന്റെ മലേഷ്യ ഘടകം സംഘടിപ്പിച്ച ഓൺലൈൻ ഓണാഘോഷ പരിപാടി “പൊന്നോണം 2020” വ്യത്യസ്ത കൊണ്ടും പുതുമ കൊണ്ടും ശ്രദ്ധേയമായി. കോവിഡ് പാശ്ചാത്തലത്തിൽ മലേഷ്യയിലെ മലയാളികൾക്ക് അവരവരുടെ വീടുകളിൽ ഇരുന്ന് കൊണ്ട് തന്നെ തങ്ങളുടെ കൂട്ടായ്മയിൽ തന്നെ ഉള്ള കലാകാരന്മാർ അവതരിപ്പിച്ച ഓണാഘോഷ പരിപാടികളിൽ പങ്കുചേരാൻ ഉള്ള അവസരമാണ് വേൾഡ് മലയാളി ഫെഡറേഷന്റെ മലേഷ്യ ഘടകം ഒരുക്കിയത്.
മലേഷ്യയിലെ കലാ സാംസ്കാരിക മേഖലയിലെ നിറസാന്നിധ്യങ്ങളായ ശ്രീ. രാജേഷ് കാഞ്ഞിരക്കാടൻ, ശ്രീ. അബ്ദുൾ കലാം എന്നിവരുടെ നേതൃത്വത്തിൽ, ഓണം കേരളത്തിന്റെ ദേശീയ ഉത്സവമായി മാറിയതിന്റെ പിന്നിലെ ചരിത്രം, കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഓണത്തോട് അനുബന്ധിച്ച് കണ്ടുവരുന്ന ആഘോഷങ്ങളിലെ വ്യത്യസ്തത എന്നിവയെ അധികരിച്ച് നടത്തിയ സംവാദം തികച്ചും വിജ്ഞാനപ്രദമായ ഒരു പുത്തൻ അനുഭവമായിരുന്നു. മലേഷ്യയിലെ സംഗീത ലോകത്തെ അറിയപ്പെടുന്ന വ്യക്തിത്വവും മലയാളിയുമായ ഡോ.രാധാകൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന കലാപരിപാടികൾ കണ്ണിനും കാതിനും ഇമ്പമേകി.
ഓണാഘോഷ പരിപാടികളുടെ ഭാഗമായി ഓണപ്പാട്ടുകൾ, തിരുവാതിര, സംഗീത നൃത്ത വേഷപ്രച്ഛന്ന പരിപാടികൾ എന്നിവയും ഓണവുമായി അനുബന്ധിച്ചുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിയ ഓൺലൈൻ മത്സരങ്ങളും പൊന്നോണം 2020 ന് മിഴിവേകി.
വേൾഡ് മലയാളി ഫെഡറേഷന്റെ മലേഷ്യ ഘടകം പ്രസിഡന്റ് സൈജു വർഗീസ് മുല്ലശ്ശേരി സ്വാഗതവും പ്രോഗ്രാം കോർഡിനേറ്റർ ജിൽസ് സേവ്യർ നന്ദിയും പറഞ്ഞു.