ഇതാണോ നമ്മുടെ പിക്കാച്ചൂ?; ഓണ്‍ലൈന്‍ ലോകം ഇപ്പോള്‍ ഈ മഞ്ഞപ്പൂച്ചയുടെ പിറകെയാണ്

0

ഒരു മഞ്ഞപ്പൂച്ചയാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ ലോകത്തെ ചൂടൻ ചർച്ച. ഇന്നു വരെ നമ്മൾ കണ്ടിട്ടില്ലാത്ത നാരങ്ങാനിറമുള്ള പൂച്ച. ഈ പൂച്ച ജന്മനാ ഇങ്ങനെയായിരുന്നില്ല എന്നതാണ് വാസ്തവം. പൂച്ചയുടെ ഉടമയുടെ വീട്ടുവൈദ്യമാണ് ഈ പൂച്ചയെ കാര്‍ട്ടൂണ്‍ കഥാപാത്രമായ പിക്കാച്ചൂവിനെപ്പോലെയാക്കിയത്.

നല്ല തൂവെള്ള നിറമായിരുന്നു തായ്‌ലന്‍ഡിലെ തമ്മപ സുപാമാസിന്റെ പൂച്ചയ്ക്ക്. അടുത്തിടെയാണ് തന്റെ ഓമനപ്പൂച്ചയ്ക്ക് ഒരുതരം ഫംഗസ് രോഗം ബാധിച്ചതായി സുപാമാസിന്റെ ശ്രദ്ധയില്‍ പെട്ടത്. പൂച്ചയുടെ രോമം കൊഴിഞ്ഞു പോകാനും തുടങ്ങി. അണുബാധയ്ക്ക് പ്രകൃത്യാലുള്ള മരുന്നു തേടിയ സുപാമാസ് മഞ്ഞള്‍ ഫലപ്രദമാണെന്ന് മനസിലാക്കി. എന്നാല്‍ മഞ്ഞള്‍ക്കറ കഴുകിയാല്‍ പോകില്ലെന്ന കാര്യം അവര്‍ ഓര്‍ത്തില്ല, എങ്ങനെയെങ്കിലും പൂച്ചയുടെ രോഗം മാറുന്നത് മാത്രമായിരുന്നു ലക്ഷ്യം. അവസാനം വെള്ളപ്പൂച്ച മഞ്ഞപ്പൂച്ചയായിമാറി.

സുപാമാസ് തന്നെയാണ് തന്റെ പൂച്ചയുടെ ന്യൂ ലുക്ക് ഫോട്ടോകള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. രണ്ടു ദിവസത്തിനുള്ളില്‍ തന്നെ ഫോട്ടോ വൈറലായി. ഓണ്‍ലൈന്‍ ലോകം ഈ പൂച്ചക്ക് പിറകിലാണ് ഇപ്പോള്‍. ലരും പൂച്ചയെ പിക്കാച്ചുവെന്ന് വിശേഷിപ്പിച്ചു. ഹാരിപോട്ടര്‍ ആരാധകര്‍ പുസ്തകത്തിലെ പ്രശസ്ത മന്ത്രം വരെ കമന്റായി പോസ്റ്റു ചെയ്തു.

സുപാമാസ് തന്റെ പൂച്ചയുടെ പോകിമോന്‍ ഡിജിറ്റല്‍ ചിത്രങ്ങളും ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തു. മഞ്ഞപ്പൂച്ചയ്ക്ക് ഫാന്‍സ് കൂടിയെന്നതിനൊപ്പം പൂച്ചയുടെ അസുഖവും കുറഞ്ഞതാണ് ഹൈലൈറ്റ്.