കൊച്ചി ∙ മറൈൻ ഡ്രൈവിൽ ഫ്ലാറ്റിന്റെ ആറാം നിലയിൽനിന്ന് സാരികൾ കൂട്ടിക്കെട്ടി താഴേയ്ക്ക് ഇറങ്ങാൻ ശ്രമിച്ച വീട്ടുജോലിക്കാരി താഴെ വീണ് ഗുരുതര പരുക്കുകളോടെ ആശുപത്രിയിലായ സംഭവത്തിൽ സംഭവത്തില്‍ ദുരൂഹതയുള്ളതായി പൊലീസ് സംശയിക്കുന്നു.
സ്ത്രീയെ ഫ്‌ളാറ്റില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് വിവരം. സംഭവത്തില്‍ ഫ്‌ളാറ്റ് ഉടമയെ പൊലീസ് ചോദ്യം ചെയ്യും.
അമ്പത്തഞ്ച് വയസ്സുള്ള തമിഴ്നാട് സേലം സ്വദേശിനിയായ കുമാരി എന്ന സ്ത്രീയാണ് ഫ്ലാറ്റിൽ നിന്ന് വീണ് പരിക്കേറ്റ നിലയിൽ ആശുപത്രിയിലുള്ളത്. ആദ്യം എറണാകുളം ജനറൽ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചതെങ്കിലും പരിക്ക് ഗുരുതരമാണെന്ന് കണ്ട് ലേക്ക് ഷോറിലേക്ക് മാറ്റിയിരിക്കുകയാണ്.
മറൈൻ ഡ്രൈവിന് സമീപത്തുള്ള ലിങ്ക് ഹൊറൈസൺ എന്ന ഫ്ലാറ്റിലാണ് സംഭവമുണ്ടായത്. 55 വയസ്സുള്ള കുമാരി കഴിഞ്ഞ കുറച്ചുകാലമായി ഫ്ലാറ്റുടമയായ ഇംതിയാസ് അഹമ്മദിന്‍റെ വീട്ടിൽ ജോലി ചെയ്ത് വരികയായിരുന്നു. കൊവിഡ് ലോക്ക്ഡൗൺ തുടങ്ങിയ ശേഷം നാട്ടിലേക്ക് മടങ്ങിയ ഇവർ പത്ത് ദിവസം മുമ്പ് മാത്രമാണ് തിരികെ ജോലിയിൽ പ്രവേശിച്ചത്. ഫ്ലാറ്റ് ഓണേഴ്സ് അസോസിയേഷൻ സെക്രട്ടറിയാണ് ഇംതിയാസ് അഹമ്മദ്.
അബദ്ധത്തിൽ ഇവർ ഫ്ലാറ്റിന്‍റെ ആറാം നിലയിൽ നിന്ന് വീണതാണോ എന്ന് പൊലീസ് പരിശോധിച്ചിരുന്നു. എന്നാൽ അതല്ലെന്ന് പൊലീസ് ഉറപ്പിക്കുന്നു. സാരി താഴേക്ക് കെട്ടിത്തൂക്കിയിട്ടാണ് ഇവർ ചാടി രക്ഷപ്പെടാൻ ശ്രമിച്ചത്. ചാടുന്ന സമയത്ത് ഇവർ താമസിച്ചിരുന്ന മുറി അകത്ത് നിന്ന് പൂട്ടിയിരുന്നുവെന്നും പൊലീസ് പറയുന്നു. ഇതുകൊണ്ടുതന്നെ, ആത്മഹത്യാശ്രമമോ അബദ്ധത്തിൽ വീണതോ അല്ലെന്നാണ് പൊലീസ് ഉറപ്പിക്കുന്നു. പരിക്കേറ്റ സ്ത്രീക്ക് മാനസികപ്രശ്നങ്ങളുണ്ടായിരുന്നോ എന്നതടക്കമുള്ള വിവരങ്ങളും അന്വേഷിക്കും. പൊലീസാണ് ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്.